വിദൂര ജോലികള്‍ക്കായുള്ള അന്വേഷണത്തില്‍ വന്‍ വര്‍ധനവ്; ഏപ്രിലില്‍ 966 ശതമാനം വര്‍ധിച്ചു

May 25, 2021 |
|
News

                  വിദൂര ജോലികള്‍ക്കായുള്ള അന്വേഷണത്തില്‍ വന്‍ വര്‍ധനവ്; ഏപ്രിലില്‍ 966 ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഭൂരിഭാഗം ഇന്ത്യക്കാരും വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനാല്‍, വിദൂര ജോലികള്‍ക്കായുള്ള തിരയലുകളില്‍ വന്‍ വര്‍ധന. ഇക്കഴിഞ്ഞ ഏപ്രിലില്‍ 966 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് ഓഫിസുകളില്‍ നിന്ന് വിദൂരത്തിരുന്നുള്ള ജോലികള്‍ക്കായുള്ള തെരയലില്‍ ഉണ്ടായത്. 60-64, 15-19, 40-44 എന്നിങ്ങനെ പ്രായവിഭാഗങ്ങളിലാണ് വിദൂര ജോലികള്‍ക്കായുള്ള തിരയല്‍ കൂടുതലെന്നും തൊഴില്‍ വെബ്‌സൈറ്റായ ഇന്‍ഡീഡില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. 13 ശതമാനം വീതമാണ് ഈ വിഭാഗങ്ങളില്‍ നിന്നുള്ള തിരയല്‍.

35-39, 20-24 പ്രായപരിധികളിലുള്ള തിരയലുകള്‍ 12 ശതമാനം വീതമാണ്. വിദൂര തൊഴില്‍ തിരയലില്‍ 16 ശതമാനവുമായി ബെംഗളൂരു ഒന്നാമതെത്തി. ഡല്‍ഹി (11 ശതമാനം), മുംബൈ (8 ശതമാനം), പൂനെ (7 ശതമാനം), ഹൈദരാബാദ് (6 ശതമാനം) എന്നിങ്ങനെയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. വിദൂര ജോലികള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ഈ ആവശ്യം, തൊഴില്‍ നിയമനങ്ങളിലെ ഭൂമിശാസ്ത്രപരമായ പരിധികള്‍ കുറയ്ക്കുകയും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.   

'കോവിഡ് -19 പാന്‍ഡെമിക് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളിലുടനീളം സാങ്കേതികവിദ്യയുടെ സ്വീകാര്യത വളരേ വേഗത്തില്‍ തിരിച്ചറിഞ്ഞു. ഈ തലമുറ കണ്ട ഏറ്റവും വലിയ 'വര്‍ക്ക് ഫ്രം ഹോം' പരീക്ഷണത്തിനാണ് ഇത് അവസരമൊരുക്കിയത്. വിദൂര ജോലികള്‍ക്കായുള്ള തിരയലുകളില്‍ സ്ഥിരമായ വര്‍ധനവ് ഉണ്ടെന്നാണ് ഞങ്ങളുടെ ഡാറ്റ വ്യക്തമാക്കുന്നത്,' ഇന്‍ഡീഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശശി കുമാര്‍ തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ജോലി അന്വേഷിക്കുന്നയാളുടെ പ്രദേശത്തിന്റെ പ്രാധാന്യം നിയമനങ്ങളില്‍ കുറയുകയും സാങ്കേതിക വിദ്യകളിലും പുതിയ ആശയ വിനിമയ മാര്‍ഗങ്ങളിലുമുള്ള വൈദഗ്ധ്യത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയം ചെയ്തു. തൊഴിലുടമകള്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനുള്ള ഓപ്ഷനുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും ജോലിയുടെ ഭാവി എന്ന നിലയില്‍ ഹൈബ്രിഡ് ജോലികളുടെ രീതി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved