
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പണ നയ സമിതി (എംപിസി) ഇന്നു മുതല്‍ 3 ദിവസം ചേരുമ്പോള്‍, വീണ്ടും പലിശ നിരക്കു കുറയ്ക്കാന്‍ നിര്‍ദേശമുണ്ടാകുമോയെന്നതാണ് പ്രധാന ചോദ്യം. എന്നാല്‍ പലിശ നിരക്ക് വീണ്ടും കുറയ്ക്കുകയല്ല, വായ്പകള്‍ ഒറ്റത്തവണ പുനഃക്രമീകരിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുകയാണു വേണ്ടതെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായകമാകുന്ന നടപടികളാണു വേണ്ടതെന്നും.
എംപിസി കഴിഞ്ഞ മേയില്‍ ചേര്‍ന്നപ്പോള്‍, റീപ്പോ, റിവേഴ്‌സ് റീപ്പോ നിരക്കുകള്‍ 40 ബേസിസ് പോയിന്റ് (0.40%) വീതം കുറയ്ക്കാനാണ് നിര്‍ദേശിച്ചത്. റിസര്‍വ് ബാങ്ക്, വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റീപ്പോ. ഈ നിരക്ക് കുറഞ്ഞാല്‍ ആനുപാതികമായി, ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശയും കുറയാം. ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന മിച്ച പണത്തിനു നല്‍കുന്ന പലിശ നിരക്കായ റിവേഴ്‌സ് റീപ്പോ കുറയുമ്പോള്‍ കൂടുതല്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിക്കപ്പെടും.
കഴിഞ്ഞ 4 മാസത്തില്‍ മൊത്തം 115 ബേസിസ് പോയിന്റ് (ബിപിഎസ്) ആണ് റീപ്പോയില്‍ വരുത്തിയിട്ടുള്ള കുറവ്. ഇക്കാലയളവില്‍ ബാങ്കുകള്‍ പലിശ നിരക്ക് 72 മുതല്‍ 85 ബിപിഎസ് വരെ കുറച്ചെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, പലിശ നിരക്കു കുറയുന്നതിനനുസരിച്ച് വായ്പ വിതരണത്തില്‍ കാര്യമായ വര്‍ധനയില്ലെന്നാണു വിലയിരുത്തല്‍.
വീണ്ടും പലിശ നിരക്കു കുറയ്ക്കാന്‍ നിര്‍ബന്ധിതമായാല്‍ വായ്പ വിതരണത്തില്‍ ബാങ്കുകള്‍ക്കു താല്‍പര്യം കുറയാം. എന്നാല്‍, സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന നടപടികള്‍ക്കുള്ള പിന്തുണയെന്നോണം നാമമാത്രമായെങ്കിലും റീപ്പോ നിരക്കു കുറയ്ക്കുന്നതാവും ഉചിതമെന്ന വാദമുണ്ട്. റിവേഴ്‌സ് റീപ്പോ മാത്രം 25 ബിപിഎസ് കുറയ്ക്കണമെന്നതാണ് മറ്റൊരു വാദം. വിലക്കയറ്റം 4 ശതമാനമാക്കി നിയന്ത്രിക്കാനുള്ള നടപടികളാണ് റിസര്‍വ് ബാങ്കിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മേയ് അവസാനത്തോടെ ചില നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാലും സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും (ജൂലൈ സെപ്റ്റംബര്‍) സാമ്പത്തിക മേഖലയില്‍ കാര്യമായ ഉണര്‍വു പ്രതീക്ഷിക്കാനാവില്ലെന്നാണ് കഴിഞ്ഞ തവണത്തെ യോഗത്തില്‍ എംപിസി വിലയിരുത്തിയത്. തിരിച്ചുവരവ് മൂന്നാം പാദത്തോടെ തുടങ്ങി, വിതരണ ശൃംഖലകള്‍ പുനഃസ്ഥാപിക്കുന്നതനുസരിച്ച് മെച്ചപ്പെടുമെന്നും വിലയിരുത്തലുണ്ടായി. ഇപ്പോഴും കോവിഡ് സംബന്ധിച്ച അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സ്ഥിതിയില്‍ വീണ്ടും പലിശ നിരക്കിലെ മിനുക്കുപണികള്‍ മതിയാകുമോയെന്ന ചോദ്യമാണുള്ളത്.