
ന്യൂഡല്‍ഹി: സഹകരണ ബാങ്കിങ് മേഖലയ്ക്കു മേല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍. സര്‍വീസ് സഹകരണ ബാങ്കുകളും കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും ഇന്നു മുതല്‍ പേരിനൊപ്പം ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്നീ പദങ്ങള്‍ ഉപയോഗിക്കരുതെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു.
സഹകരണസംഘം എന്ന പേരിലായിരിക്കണം പ്രവര്‍ത്തനം. നിക്ഷേപ, വായ്പ ബാങ്കിങ് ഇടപാടുകള്‍ വോട്ടവകാശമുള്ള എ ക്ലാസ് മെംബര്‍മാരുമായി മാത്രമേ പാടുള്ളൂ. മറ്റുള്ളവരില്‍ നിന്നു നിക്ഷേപം സ്വീകരിക്കാനാവില്ല. ഇനി മുതല്‍ ചെക്ക് കൊടുക്കാനോ സ്വീകരിക്കാനോ പാടില്ല. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കാന്‍ ചെക്കിനു പകരം വിത്‌ഡ്രോയിങ് സ്ലിപ് നല്‍കണം. സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്യാന്‍ റിസര്‍വ് ബാങ്കിനു കഴിയും.
കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നതിനു വേണ്ടി ജില്ലാ ബാങ്കുകളില്‍ തുടങ്ങിയ 'മിറര്‍' അക്കൗണ്ടുകളുടെ സേവനം നഷ്ടമാകും. മറ്റു വാണിജ്യ ബാങ്കുകളുമായി ചേര്‍ന്നു കേരളത്തിലെ പല സര്‍വീസ് സഹകരണ ബാങ്കുകളും ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങളായ ആര്‍ടിജിഎസ്, നെഫ്റ്റ് എന്നിവ നടത്തിയിരുന്നു. ഇനി അവയ്ക്ക് അനുമതിയുണ്ടാകില്ല.