
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ അവലോകന യോഗം ഇന്ന് മുതല്‍. യോഗം ഇന്ന് ആരംഭിക്കുമെങ്കിലും നാലാം തിയതിയായിരിക്കും നയസമിതി യോഗം തീരുമാനങ്ങള്‍ പ്രഖ്യാപിക്കുക. വിലക്കയറ്റം നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യത്തില്‍ ആര്‍ബിഐയുടെ പണനയ സമിതി ബാങ്കുകള്‍ക്കുള്ള പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ തവണത്തേത് പോലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കാനായി വിപണിയില്‍ പണ ലഭ്യത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കാവും ഇത്തവണയും ആര്‍ബിഐ മുന്‍ഗണന നല്‍കുക.
പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ട എന്നായിരുന്നു സമിതി കഴിഞ്ഞ ഒക്ടോബറില്‍ തീരുമാനിച്ചത്. വിലക്കയറ്റം നിയന്ത്രണവിധേയമല്ലെന്നതായിരുന്നു കാരണം. അന്നത്തെ സ്ഥിതിയില്‍ നിന്ന് ഇന്നും കാര്യമായ വ്യത്യാസം വന്നിട്ടില്ല. വിപണിയിലെ സ്ഥിതിയില്‍ ഇത്തവണയും മാറ്റമില്ലാത്തതിനാല്‍ പലിശ നിരക്ക് പരിഷ്‌കരിക്കാനാവില്ലെന്ന് സമിതി അംഗം മൃദുല്‍ സഗ്ഗര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു.
സാമ്പത്തിക വളര്‍ച്ചയിലെ ഞെരുക്കത്തിന്റെ തോത് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും വളര്‍ച്ച ഇപ്പോഴും നെഗറ്റീവില്‍ തന്നെയാണ്. കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ ഉള്ളപ്പോഴും പ്രതീക്ഷകള്‍ കരുതലോടെയാവണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കഴിഞ്ഞ ദിവസം പറഞ്ഞത്. കൊവിഡ് വ്യാപനം ഇപ്പോഴും നിയന്ത്രണ വിധേയമല്ലെന്നതാണ് പ്രധാന കാരണം. കോവിഡ് വാക്‌സിന്‍ എപ്പോള്‍ ലഭ്യമാവുന്നു എന്നതിനെ ആശ്രയിച്ചാവും സാമ്പത്തിക മേഖലയിലെ അനുകൂല മാറ്റങ്ങളെന്നാണ് പണനയ സമിതി കഴിഞ്ഞ തവണത്തെ യോഗത്തില്‍ വിലയിരുത്തിയിരുന്നത്.