രാജ്യത്തേക്കുള്ള കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം; ആഭ്യന്തര വിപണിയില്‍ കൂടുതല്‍ അവസരം

July 31, 2020 |
|
News

                  രാജ്യത്തേക്കുള്ള കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം; ആഭ്യന്തര വിപണിയില്‍ കൂടുതല്‍ അവസരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തേക്കുള്ള കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ആഭ്യന്തര ടെലിവിഷന്‍ ഉല്‍പ്പാദകര്‍ക്ക് വിപണിയില്‍ കൂടുതല്‍ അവസരം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് അവശ്യ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത സാധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. ആഭ്യന്തര ടിവി ഉല്‍പ്പാദന കമ്പനികളുടെ വിപണി വിഹിതം ഇതിലൂടെ വര്‍ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

കളര്‍ ടിവി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരു ഉല്‍പ്പന്നത്തെ നിയന്ത്രിത വിഭാഗത്തില്‍ ഡിജിഎഫ്ടി ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ ആ ഉല്‍പ്പന്നം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഡിജിഎഫ്ടിയില്‍ നിന്ന് തന്നെ പ്രത്യേക ഉത്തരവ് വാങ്ങിക്കേണ്ടതുണ്ട്.

പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ടിവി ഇറക്കുമതി ചെയ്യുന്നത് അയല്‍ രാജ്യമായ ചൈനയില്‍ നിന്നാണ്. വിയറ്റ്‌നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ, തായ്ലന്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിലെ ടെലിവിഷന്‍ വിപണിയില്‍ നിന്ന് നേട്ടമുണ്ടാക്കുന്ന മറ്റ് രാജ്യങ്ങള്‍.

Related Articles

© 2025 Financial Views. All Rights Reserved