
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ കാലം എല്ലാം മേഖലകളേയും അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മാധ്യമ മേഖലയേയും പരസ്യമേഖലയേയും എല്ലാം അത് ബാധിച്ചത് പല രീതിയില്‍ ആണ്. റീട്ടെയില്‍ മേഖലയില്‍ നിന്നുള്ള പരസ്യങ്ങളുടെ കാര്യത്തില്‍ എന്താണ് ഈ വര്‍ഷം സംഭവിച്ചത് എന്ന് പരിശോധിക്കുകയാണ് ടാം ആഡെകസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.
2018 നോട് താരതമ്യം ചെയ്യുമ്പോള്‍ 2020 ല്‍ റീട്ടെയില്‍ മേഖലയില്‍ നിന്നുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ 35 ശതമാനം കുറഞ്ഞിട്ടുണ്ട് എന്നാണ് ടാം ആഡെക്സിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഏറ്റവും പ്രതിസന്ധികാലം ലോക്ക് ഡൗണ്‍ കാലം ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആശ്വസിക്കാനും അല്‍പം വകയുണ്ട്. വര്‍ഷത്തിലെ ആദ്യ പാദത്തെ അപേക്ഷിച്ച് അവസാന പാദത്തില്‍ 1.6 ഇരട്ടി പരസ്യ വര്‍ദ്ധന ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. രണ്ടാം പാദത്തിലായിരുന്നു ഏറ്റവും കുറവ് ടെലിവിഷന്‍ പരസ്യങ്ങള്‍ ഉണ്ടായിരുന്നത്. ലോക്ക് ഡൗണ്‍ കാലമായിരുന്നു അത്.
കൊവിഡ് ലോക്ക് ഡൗണിന്റെ ആഘാതത്തില്‍ നിന്ന് ചെറുതായെങ്കിലും ഒന്ന് തിരികെ എത്താന്‍ പിന്നേയും നാല് മാസത്തോളം കാത്തിരിക്കേണ്ടി വന്നു. എന്നിരുന്നാലും ഉത്സവ സീസണുകളില്‍ ടെലിവിഷന്‍ പരസ്യങ്ങളുടെ അളവിന്റെ വര്‍ദ്ധന രണ്ടക്ക ശതമാനത്തിലേക്ക് എത്തിയിരുന്നു. റീട്ടെയില്‍ മേഖലയിലെ ഏറ്റവും വലിയ പരസ്യദാതാക്കള്‍ ജ്വല്ലറികള്‍ തന്നെയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊത്തം റീട്ടെയില്‍ മേഖലയില്‍ നിന്നുള്ള പരസ്യങ്ങളുടെ 60 ശതമാനവും ജ്വല്ലറികളില്‍ നിന്നാണ്. ആദ്യ 10 പരസ്യദാതാക്കളാണ് മൊത്തം പരസ്യങ്ങളുടെ 55 ശതമാനവും നല്‍കിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ലളിത ജ്വല്ലറിയാണ്.
റീട്ടെയില്‍ മേഖല പരസ്യം നല്‍കാന്‍ ഏറ്റവും അധികം താത്പര്യപ്പെടുന്നത് വാര്‍ത്താ ചാനുകള്‍ക്കാണത്രെ. തൊട്ടുപിറകില്‍ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളാണ് ഉള്ളത്. മൊത്തം റീട്ടെയില്‍ പരസ്യ വിപണിയുടെ 75 ശതമാനവും ഈ രണ്ട് വിഭാഗങ്ങളാണ് കൈയ്യടക്കി വച്ചിരിക്കുന്നത്.
അച്ചടി മാധ്യമങ്ങളിലെ റീട്ടെയില്‍ പരസ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളേക്കാള്‍ വലിയ തിരിച്ചടിയാണ് നേരിട്ടിട്ടുള്ളത്. 2018 നോട് താരതമ്യം ചെയ്യുമ്പോള്‍ 44 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. എന്തായാലും ആദ്യ പാദത്തെ അപേക്ഷിച്ച് അവസാന പാദത്തില്‍ 1.6 ഇരട്ടിയുടെ വര്‍ദ്ധന കാണിക്കുന്നുണ്ട്.
ലോക്ക് ഡൗണിന് മുമ്പിലത്തെ സ്ഥിതിയിലേക്ക് അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങളുടെ അളവ് എത്താന്‍ ലോക്ക് ഡൗണിന് ശേഷം അഞ്ച് മാസമാണ് കാത്തിരിക്കേണ്ടി വന്നത്. എന്നാല്‍ ഉത്സവകാലം തുടങ്ങിയതോടെ പരസ്യങ്ങളുടെ ചാകരയായി. ഒക്ടോബറില്‍ തുടങ്ങി ഉത്സവകാലം അവസാനിക്കുന്നത് വരെ ഇരട്ടയക്ക വളര്‍ച്ചയാണ് പരസ്യത്തില്‍ ഉണ്ടായത്.
റേഡിയോ പരസ്യങ്ങളുടെ കാര്യത്തിലും ഇടിവ് പ്രകടനമാണ്. 2018 നെ അപേക്ഷിച്ച് 37 ശതമാനം ആണ് 2020 ല്‍ റീട്ടെയില്‍ മേഖലയില്‍ നിന്നുള്ള പരസ്യത്തില്‍ തകര്‍ച്ച നേരിട്ടത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അവസാന പാദത്തില്‍ 90 ശതമാനം പരസ്യ അളവില്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. മറ്റെല്ലാം മാധ്യമങ്ങളേയും പോലെ, ഡിജിറ്റല്‍ മേഖലയിലും ഇത് പ്രതിഫലിച്ചിട്ടുണ്ട്. റീട്ടെയില്‍ മേഖലയില്‍ നിന്നുള്ള പരസ്യങ്ങളുടെ അളവില്‍ 2018 നോട് താരതമ്യം ചെയ്യുമ്പോള്‍ 39 ശതമാനം ആണ് ഇടിവ്. നാലാം പാദത്തില്‍ ഉണര്‍വ്വ് പ്രകടമാകുന്നുണ്ട് എന്നതാണ് ആശ്വാസകരം.