
ന്യൂഡല്‍ഹി: കൊവിഡ് രാജ്യത്തെ എല്ലാ മേഖലകളേയും അതിരൂക്ഷമായി ബാധിച്ചിരുന്നു. പല സ്ഥാപനങ്ങള്‍ക്കും അവരുടെ വികസന പരിപാടികള്‍ എല്ലാം മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വന്നു. എന്നാല്‍ കൊവിഡ് വാക്സിന്‍ വന്നതോടെ വിപണിയില്‍ പുത്തന്‍ ഉണര്‍വ്വാണ് ഇപ്പോള്‍. വന്‍കിട ഓര്‍ഗനൈസ്ഡ് റീട്ടെയിലര്‍മാര്‍ അവരുടെ വിപുലീകരണ പദ്ധതികള്‍ വീണ്ടും പൊടിതട്ടി എടുക്കുകയാണ്. കാഷ്വല്‍ ഫാഷന്‍, വാല്യു-ഫാഷന്‍, ഫാസ്റ്റ് ഫുഡ് ശൃംഖലകള്‍, ഇലക്ട്രോണിക്സ് റീട്ടെയിലര്‍മാര്‍ തുടങ്ങി എല്ലാവരും വിപുലീകരണത്തിന്റെ പാതയില്‍ ആണ്. വിശദാംശങ്ങള്‍....
ഒരു വര്‍ഷമാണ് കൊവിഡ് അക്ഷരാര്‍ത്ഥത്തില്‍ കൊണ്ടുപോയത്. മാര്‍ച്ച് അവസാനം തുടങ്ങിയ ലോക്ക് ഡൗണ്‍ അവസാനിച്ചപ്പോഴും വിപണി തിരികെ എത്തിയിരുന്നില്ല. 2020 ന്റെ അവസാനത്തോടെയാണ് വിപണിയില്‍ ചെറിയ ഉണര്‍വ്വെങ്കിലും പ്രകടമായത്. ഇപ്പോള്‍ കൊവിഡ് വാക്സിന്റെ വരവോടെ എല്ലാ മേഖലകളും തിരിച്ചുവരവിന്റെ പാതയില്‍ ആണ്.
വസ്ത്രമേഖലയിലെ റീട്ടെയിലര്‍മാരായ ബെന്നെറ്റണ്‍, ലിവൈസ്, ആദിത്യ ബിര്‍ളഫാഷന്‍ റീട്ടെയിലിന് കീഴിലുള്ള ലൂയി ഫിലിപ്, അലന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട് തുടങ്ങിയവയെല്ലാം പുതിയ ഷോപ്പുകള്‍ തുറക്കുന്നതിനുള്ള പദ്ധതിയില്‍ ആണ്. ഡൊമിനോട്, മക്ഡൊണാള്‍ഡ്സ് തുടങ്ങിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളും ഇതേ പാതയില്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം രാജ്യത്ത് മുപ്പത് മുതല്‍ നാല്‍പത് വരെ സ്റ്റോറുകള്‍ പുതിയതായി തുറക്കാനാണ് തങ്ങളുടെ പദ്ധതി എന്നാണ് ബെന്നെറ്റണ്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സുന്‍ദീപ് ചിങ് വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ഗതിയില്‍ ഇവര്‍ ഓരോ വര്‍ഷവും ഇരുപത് മുതല്‍ മുപ്പത് വരെ സ്റ്റോറുകളാണ് പുതിയതായി തുറക്കാറുള്ളത്.
2020 ല്‍ നടത്താനിരുന്ന വിപുലീകരണ പദ്ധതികള്‍ എല്ലാം ഇവര്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇത്തവണ ഗാങ്ടോക്, റാഞ്ചി, ദില്ലി മേഖലകളില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാനാണ് പദ്ധതി. ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. കൊവിഡിന് മുമ്പുള്ള വില്‍പനയുടെ 85 മുതല്‍ 90 ശതമാനം വരെ തിരികെ എത്തിയിട്ടുണ്ട്. ജനുവരിയിലും ഫെബ്രുവരിയിലും സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്.
വന്‍ മാറ്റങ്ങളാണ് ജീന്‍സ് ബ്രാന്‍ഡ് ആയ ലിവൈസിന്റെ മുന്നിലും ഉള്ളത്. ആര്‍എക്സ്3 എന്ന പേരില്‍ 2020 ല്‍ തന്നെ അവര്‍ ഇതിന് തുടക്കം കുറിച്ചിരുന്നു. ഏറ്റവും മോശം പ്രകടനമുള്ള 10 ശതമാനം ഷോപ്പുകള്‍ അടച്ചുപൂട്ടുകയും അതിന് പകരമായി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പുതിയ സ്റ്റോറുകള്‍ തുറക്കുകയും ആണ് ചെയ്തത്. 2020 അവസാനത്തോടെ തന്നെ ഇത് സാധ്യമാക്കി.
മക്ഡൊണാള്‍ഡ്സിന്റെ തെക്കേ ഇന്ത്യയിലേയും പശ്ചിമ ഇന്ത്യയിലേയും നടത്തിപ്പ് വെസ്റ്റ്ലൈഫ് ഡെവലപ്മെന്റാണ് ചെയ്യുന്നത്. തങ്ങളുടെ 2022 വര്‍ഷത്തെ മിഷന്‍ പ്രകാരം 25 മുതല്‍ 30 വരെ പുതിയ റസ്റ്റൊറന്റുകള്‍ തുറക്കുക എന്നതാണ് ലക്ഷ്യം എന്നാണ് അവര്‍ പറയുന്നത്. ഡൊമിനോസ് മപിസ്സ ഈ സാമ്പത്തിക വര്‍ഷത്തില്‍ പുതിയതായി 110 സ്റ്റോറുകള്‍ ആണ് പുതിയതായി തുറക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്.
ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ 9 മാസത്തിനുള്ളില്‍ പുതിയതായി 300 സ്റ്റോറുകളാണ് തുറന്നിട്ടുള്ളത്. ലൂയി ഫിലിപ്, അലന്‍ സോളി, പീറ്റര്‍ ഇംഗ്ലണ്ട് എന്നീ ബ്രാന്‍ഡുകള്‍ക്കായി പുതിയതായി 100 ലൈഫ് സ്‌റ്റൈല്‍ സ്റ്റോറുകള്‍ കൂടി തുറക്കാനാണ് ഇവരുടെ പദ്ധതി.