ഏപ്രിലില്‍ ചില്ലറ പണപ്പെരുപ്പം 4.29 ശതമാനമായി; ഭക്ഷ്യവില സൂചിക 2.02 ശതമാനമായി ചുരുങ്ങി

May 13, 2021 |
|
News

                  ഏപ്രിലില്‍ ചില്ലറ പണപ്പെരുപ്പം 4.29 ശതമാനമായി; ഭക്ഷ്യവില സൂചിക 2.02 ശതമാനമായി ചുരുങ്ങി

ന്യൂഡല്‍ഹി: ഏപ്രിലില്‍ ചില്ലറ പണപ്പെരുപ്പം 4.29 ശതമാനമായി കുറഞ്ഞു. പോയമാസം ഭക്ഷ്യോത്പന്നങ്ങളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പത്തെ സ്വാധീനിച്ചത്. മാര്‍ച്ചില്‍ 5.52 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. ഏപ്രിലില്‍ ഭക്ഷ്യ വിലസൂചിക 4.87 ശതമാനത്തില്‍ നിന്നും 2.02 ശതമാനമായി ചുരുങ്ങിയെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ബുധനാഴ്ച്ച അറിയിച്ചു. തുടര്‍ച്ചയായ അഞ്ചാം മാസമാണ് റിസര്‍വ് ബാങ്ക് നിശ്ചയിച്ച 6 ശതമാനം പരിധിക്ക് താഴെ പണപ്പെരുപ്പ നിരക്ക് എത്തുന്നത്. ഓരോ മാസവും ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (സിപിഐ - കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ്) കേന്ദ്ര ബാങ്ക് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

ചില്ലറ പണപ്പെരുപ്പം 4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. 2026 മാര്‍ച്ച് വരെയും പണപ്പെരുപ്പ മാര്‍ജിന്‍ ഇരു വശത്തേക്കും 2 ശതമാനം വീതം നിലനിര്‍ത്തണമെന്ന് റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശമുണ്ട്. സാധാരണയായി പണപ്പെരുപ്പം കൂടി അടിസ്ഥാനപ്പെടുത്തിയാണ് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിക്കാറ്. ഏപ്രിലില്‍ ചേര്‍ന്ന ധനനയ യോഗത്തില്‍ റീപ്പോ നിരക്ക് 4 ശതമാനം തന്നെ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചിരുന്നു. തുടര്‍ച്ചയായി അഞ്ചാം തവണയാണ് റീപ്പോ നിരക്ക് 4 ശതമാനമായി റിസര്‍വ് ബാങ്ക് നിലനിര്‍ത്തുന്നത്. സമ്പദ്ഘടനയില്‍ നിന്നും കോവിഡ് ക്ഷീണം പൂര്‍ണമായും വിട്ടുമാറുന്നതുവരെ ഉദാരനയം തുടരുമെന്ന് റിസര്‍വ് ബാങ്ക് സൂചിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ ഇന്ധനങ്ങളുടെ വില 7.91 ശതമാനമാണ് കൂടിയത്. പുകയില, പാന്‍ ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ വിലയില്‍ 9.01 ശതമാനം വര്‍ധനവുണ്ടായി. പച്ചക്കറി വിലയിലെ ഇടിവ് മുന്‍നിര്‍ത്തി (14.8 ശതമാനം) ഭക്ഷ്യോത്പന്നങ്ങളുടെ വില 2.02 ശതമാനത്തിലേക്ക് ചുരുങ്ങി. ധാന്യങ്ങളുടെ വില 2.96 ശതമാനവും പഞ്ചസാരയടക്കമുള്ള മധുരപദാര്‍ത്ഥങ്ങളുടെ വിലസൂചിക 5.99 ശതമാനവുമാണ് കുറഞ്ഞത്. മറുഭാഗത്ത് എണ്ണയുടെയും മറ്റു കൊഴുപ്പു പദാര്‍ത്ഥങ്ങളുടെയും വിലയില്‍ 25.91 ശതമാനം വര്‍ധനവാണുണ്ടായത്. മത്സ്യമാംസാദികളിലും 16.68 ശതമാനം വിലവര്‍ധനവ് രേഖപ്പെടുത്തി. ലഹരി അടങ്ങിയിട്ടില്ലാത്ത പാനീയങ്ങളുടെ വിലസൂചിക 15.20 ശതമാനവും പയറുവര്‍ഗ്ഗങ്ങളുടെ വിലസൂചിക 7.51 ശതമാനവും മുട്ടയുടെ വിലസൂചിക 10.55 ശതമാനവും പോയമാസം കൂടി.

22.4 ശതമാനം വളര്‍ച്ചയോടെ 143.4 എന്ന നിലയിലാണ് വ്യാവസായിക ഉത്പാദന സൂചിക മാര്‍ച്ചില്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ചിത്രം വിലയിരുത്തിയാല്‍ (ഏപ്രില്‍ - മാര്‍ച്ച്) വ്യവസായ മേഖല -8.6 ശതമാനം ചുരുങ്ങി. കൃത്യം ഒരു വര്‍ഷം മുന്‍പ് -0.8 ശതമാനം തകര്‍ച്ച വ്യവസായ മേഖലയില്‍ കണ്ടിരുന്നു. ഉത്പാദന, വൈദ്യുത, ഖനന മേഖലകളിലെ ഉണര്‍വാണ് മാര്‍ച്ചില്‍ വ്യാവസായിക സൂചികയ്ക്ക് തുണയായത്. ഫെബ്രുവരിയില്‍ ഉത്പാദന മേഖല 25.8 ശതമാനം മുന്നേറി 140.4 എന്ന നിലയിലേക്കെത്തി. ഖനന മേഖല 6.1 ശതമാനം ഉണര്‍വോടെ 116.5 എന്ന നിലയും വൈദ്യുത മേഖല 22.5 ശതമാനം വളര്‍ന്ന് 180 എന്ന നിലയും കണക്കുകളില്‍ കുറിച്ചു.

Related Articles

© 2024 Financial Views. All Rights Reserved