ഇന്ത്യയില്‍ ചില്ലറ പണപ്പെരുപ്പം കുറഞ്ഞു; ഫാക്ടറി ഉത്പാദനത്തില്‍ 1.9 ശതമാനം ഇടിവ്

January 13, 2021 |
|
News

                  ഇന്ത്യയില്‍ ചില്ലറ പണപ്പെരുപ്പം കുറഞ്ഞു; ഫാക്ടറി ഉത്പാദനത്തില്‍ 1.9 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചില്ലറ പണപ്പെരുപ്പം കുറഞ്ഞു. ഡിസംബറില്‍ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനപ്പെടുത്തിയുള്ള ചില്ലറ പണപ്പെരുപ്പം 4.59 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു. പോയമാസം ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറഞ്ഞതാണ് ചില്ലറ പണപ്പെരുപ്പം കുറയാനുള്ള പ്രധാന കാരണം. നവംബറില്‍ 6.93 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം.

മറുഭാഗത്ത്, നവംബറിലെ കണക്കുപ്രകാരം ഫാക്ടറി ഉത്പാദനം 1.9 ശതമാനം ഇടിഞ്ഞെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യവസായിക ഉത്പാദന സൂചിക അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്തെ ഫാക്ടറി ഉത്പാദനം കേന്ദ്രം അളക്കാറ്. എന്തായാലും ഡിസംബറിലെ ഉപഭോക്തൃ വില സൂചിക റിസര്‍വ് ബാങ്ക് നിശ്ചയിച്ച 6 ശതമാനമെന്ന ഉയര്‍ന്ന പരിധി മറികടക്കുന്നില്ലെന്നത് ആശ്വാസകരമാകുന്നു.

നേരത്തെ, ചില്ലറ പണപ്പെരുപ്പം 4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമായും ചില്ലറ പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയാണ് റിസര്‍വ് ബാങ്ക് ധനനയം രൂപീകരിക്കാറ്. ഡിസംബറില്‍ നടന്ന ധനനയ സമിതി യോഗത്തില്‍ പ്രധാന പലിശനിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിരുന്നില്ല.

ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറഞ്ഞതാണ് ചില്ലറ പണപ്പെരുപ്പം കുറയാന്‍ കാരണം. പോയമാസം ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സിഎഫ്പിഐ) 3.41 ശതമാനം രേഖപ്പെടുത്തി. നവംബറില്‍ 9.50 ശതമാനമായിരുന്നു ഇത്. ഡിസംബറില്‍ പച്ചക്കറി ഉത്പന്നങ്ങളുടെ വില 10.14 ശതമാനം താഴോട്ടു പോയത് ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയെ കാര്യമായി സ്വാധീനിച്ചു. ഇതേസമയം, ഭക്ഷ്യ എണ്ണ മേഖല 20.05 ശതമാനവും മുട്ട മേഖല 16.08 ശതമാനവും ധാന്യ മേഖല 15.98 ശതമാനവും വിലവര്‍ധനവ് രേഖപ്പെടുത്തി. മത്സ്യമാംസാദികള്‍ക്കും പോയമാസം 15.21 ശതമാനം വിലവര്‍ധിച്ചു.

രാജ്യത്തെ ഫാക്ടറി ഉത്പാദനം 1.9 ശതമാനം തളര്‍ച്ചയാണ് നവംബറില്‍ കുറിച്ചത്. വ്യവസായിക ഉത്പാദന സൂചിക 2.1 ശതമാനവും തളര്‍ച്ച കണ്ടു. നടപ്പു വര്‍ഷം ഇതുവരെ (ഏപ്രില്‍ - നവംബര്‍) 15.5 ശതമാനം ഇടിവാണ് വ്യാവസായിക മേഖലയില്‍ സംഭവിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 0.3 ശതമാനം വളര്‍ച്ച വ്യാവസായിക മേഖല കുറിച്ചിരുന്നു. ഖനന, ഉത്പാദന മേഖലകളിലെ മെല്ലെപ്പോക്കാണ് വ്യവസായിക ഉത്പാദന സൂചികയുടെ തളര്‍ച്ചയ്ക്ക് കാരണം. ഖനന മേഖല 7.3 ശതമാനവും ഉത്പാദന മേഖല 1.7 ശതമാനവും ഇടിഞ്ഞു.

ഇതേസമയം, വൈദ്യുത മേഖല 3.5 ശതമാനം വളര്‍ച്ച കുറിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം നവംബറില്‍ ഉത്പാദന മേഖല 3 ശതമാനം വളര്‍ച്ച കാഴ്ച്ചവെച്ചിരുന്നു. ഇതേ കാലത്ത് ഖനന മേഖലയും 1.9 ശതമാനം വളര്‍ച്ച കയ്യടക്കുകയുണ്ടായി. അന്ന് 5 ശതമാനത്തോളം വീഴ്ച്ചയാണ് വൈദ്യുത മേഖലയ്ക്ക് സംഭവിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved