ഇന്ത്യയുടെ വ്യാവസായിക ഉത്പാദനത്തില്‍ ഇടിവ്; ചില്ലറ പണപ്പെരുപ്പം വര്‍ധിക്കുന്നു

March 13, 2021 |
|
News

                  ഇന്ത്യയുടെ വ്യാവസായിക ഉത്പാദനത്തില്‍ ഇടിവ്; ചില്ലറ പണപ്പെരുപ്പം വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ജനുവരിയില്‍ ഇന്ത്യയിലെ വ്യാവസായിക ഉത്പാദനം ഇടിഞ്ഞു. -1.6 വളര്‍ച്ചയാണ് ഈ മേഖലയില്‍ സംഭവിച്ചത്. ഉത്പാദന നിരക്ക് ഗണ്യമായി കുറഞ്ഞതിന് പുറമെ ഖനന മേഖലയില്‍ സംഭവിച്ച വീഴ്ച്ചയും വ്യാവസായിക ഉത്പാദനത്തെ സാരമായി ബാധിച്ചു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് പുതിയ കണക്കുകള്‍ വെള്ളിയാഴ്ച്ച പുറത്തുവിട്ടത്. ഡിസംബറില്‍ ഭേദപ്പെട്ട വളര്‍ച്ച കുറിച്ചതിന് ശേഷമാണ് ജനുവരിയിലെ ഈ വീഴ്ച്ച.

ഫെബ്രുവരിയില്‍ രാജ്യത്ത് ചില്ലറ പണപ്പെരുപ്പം വര്‍ധിച്ചതായും കേന്ദ്രം അറിയിച്ചു. പോയമാസം ചില്ലറ പണപ്പെരുപ്പം 5.03 ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജനുവരിയില്‍ 4.06 ശതമാനം മാത്രമായിരുന്നു ചില്ലറ പണപ്പെരുപ്പ നിരക്ക്. പറഞ്ഞുവരുമ്പോള്‍ 16 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കായിരുന്നു ജനുവരിയിലേത്.

ഉപഭോക്തൃ ഭക്ഷ്യവില സൂചിക അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യ പണപ്പെരുപ്പം 1.96 ശതമാനത്തില്‍ നിന്നും 3.87 ശതമാനമായി ഉയര്‍ന്നത് ഫെബ്രുവരിയിലെ മൊത്തം പണപ്പെരുപ്പത്തെ സ്വാധീനിച്ചു. എന്തായാലും റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ 4+2 ശതമാനത്തിന് കീഴിലാണ് പണപ്പെരുപ്പം ഇപ്പോഴും തുടരുന്നത്. ജനുവരി - മാര്‍ച്ച് പാദത്തില്‍ 5.2 ശതമാനം പണപ്പെരുപ്പ നിരക്കാണ് റിസര്‍വ് ബാങ്ക് പ്രവചിച്ചിരിക്കുന്നതും. എന്നാല്‍ കുത്തനെ ഉയരുന്ന പണപ്പെരുപ്പ നിരക്ക് ചില്ലറ ആശങ്കകള്‍ ഇപ്പോള്‍ പങ്കുവെയ്ക്കുന്നുണ്ട്.

ഭക്ഷ്യയിതര, ഇന്ധനയിതര ഘടകങ്ങളുടെ പണപ്പെരുപ്പം 5.7 ശതമാനത്തില്‍ നിന്നും 5.9 ശതമാനമായാണ് കഴിഞ്ഞമാസം ഉയര്‍ന്നത്. ഖാരിഫ്, റാബി വിളകളുടെ ഉയര്‍ന്ന വിളവെടുപ്പ് പണപ്പെരുപ്പത്തെ സ്വാധീനിച്ചെങ്കിലും ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയില്ലെല്ലാം വിലവര്‍ധനവ് ദൃശ്യമായി. ഫെബ്രുവരിയില്‍ ഭക്ഷ്യ എണ്ണ അടങ്ങുന്ന വിഭാഗത്തില്‍ 20.78 ശതമാനം പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയത്. ധാന്യങ്ങളുടെ വിഭാഗത്തില്‍ 12.54 ശതമാനവും മദ്യമടങ്ങാത്ത പാനീയങ്ങളില്‍ 13.92 ശതമാനവും പണപ്പെരുപ്പം കാണാന്‍ സാധിച്ചു.

ഡിസംബറില്‍ 1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ജനുവരിയില്‍ വ്യാവസായിക ഉത്പാദനം -1.6 ശതമാനത്തിലേക്ക് ചുരുങ്ങിയത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ വ്യാവസായിക ഉത്പാദനം 2.2 ശതമാനമായിരുന്നു. ഇത്തവണ നിര്‍മാണ മേഖലയുടെ വളര്‍ച്ച 2.1 ശതമാനത്തില്‍ നിന്നും 2 ശതമാനമായി കുറഞ്ഞു. ഖനന മേഖലയുടെ വളര്‍ച്ച 4.2 ശതമാനത്തില്‍ നിന്നും 3.7 ശതമാനമായാണ് വീണത്.

മൂലധന ചരക്കുകളുടെ ഉത്പാദനം 1.5 ശതമാനത്തില്‍ നിന്നും -9.6 ശതമാനമായി അധഃപതിച്ചത് ചില്ലറ പണപ്പെരുപ്പത്തെ സാരമായി ബാധിച്ചു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, നോണ്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഉത്പാദനം യഥാക്രമം 0.2 ശതമാനവും 6.8 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നടപ്പു വര്‍ഷത്തെ മൊത്തം ചിത്രം പരിശോധിച്ചാല്‍ ഏപ്രില്‍ - ജനുവരി കാലത്ത് ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം -12.2 ശതമാനം വളര്‍ച്ചയാണ് അവകാശപ്പെടുന്നത്. മുന്‍വര്‍ഷമിത് 0.5 ശതമാനമായിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved