മാര്‍ച്ചില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം കുത്തനെ വര്‍ധിച്ചു; 6.95 ശതമാനമായി

April 13, 2022 |
|
News

                  മാര്‍ച്ചില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം കുത്തനെ വര്‍ധിച്ചു; 6.95 ശതമാനമായി

ന്യൂഡല്‍ഹി: രാജ്യത്തെ ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ മാസം 6.95 ശതമാനമായി കുത്തനെ ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പ്രധാന കാരണമെന്നും ചൊവ്വാഴ്ച്ച പുറത്ത് വന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ രാജ്യത്തെ സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.07 ശതമാനമായിരുന്നു.

ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട പണപ്പെരുപ്പം മാര്‍ച്ചില്‍ 7.68 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ ഇത് 5.85 ശതമാനമായിരുന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് റീട്ടെയില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവദനീയമായ പരിധിയ്ക്ക് മുകളില്‍ തുടരുന്നത്. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ശരാശരി പണപ്പെരുപ്പ അനുമാനം 5.7 ശതമാനമായി ആര്‍ബിഐ ഉയര്‍ത്തിയിരുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 6.3 ശതമാനം, രണ്ടാം പാദത്തില്‍ 5.8 ശതമാനം, മൂന്നാം പാദത്തില്‍ 5.4 ശതമാനം, അവസാന പാദത്തില്‍ 5.1 ശതമാനം എന്നിങ്ങനെയാണ് ആര്‍ബിഐയുടെ പണപ്പെരുപ്പ അനുമാനം. സുഗമമായ ചരക്ക് നീക്കം, സാധാരണ നിലയിലുള്ള മണ്‍സൂണ്‍, നയങ്ങളില്‍ മാറ്റമുണ്ടാകാത്ത അവസ്ഥ ഇതൊക്കെ നിലനിന്നാല്‍ പണപ്പെരുപ്പ നിരക്ക് 4.6 ശതമാനത്തിനും 5.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് പണനയ അവലോകനത്തില്‍ ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved