മാര്‍ച്ചില്‍ ചില്ലറ വില്‍പ്പന ഉയര്‍ന്നു; 28 ശതമാനത്തിന്റെ വര്‍ധനവ്

April 13, 2022 |
|
News

                  മാര്‍ച്ചില്‍ ചില്ലറ വില്‍പ്പന ഉയര്‍ന്നു; 28 ശതമാനത്തിന്റെ വര്‍ധനവ്

ന്യൂഡല്‍ഹി: മാര്‍ച്ചില്‍ ചില്ലറ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ അപേക്ഷിച്ച് 28 ശതമാനം ഉയര്‍ന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയത് ചില്ലറ വില്‍പ്പന ഉയരാന്‍ കാരണമായെന്ന് റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ആര്‍എഐ) അഭിപ്രായപ്പെട്ടു.

അസോസിയേഷന്‍ നടത്തിയ സര്‍വേ അനുസരിച്ച് വിവധ പ്രദേശങ്ങളിലെ വില്‍പ്പന വര്‍ധനവ് നോക്കുമ്പോള്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ 37 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. വടക്കന്‍ മേഖലയില്‍ 28 ശതമാനവും, കിഴക്കന്‍ മേഖലയില്‍ 26 ശതമാനവും തെക്കന്‍ മേഖലയില്‍ 21 ശതമാനവും വളര്‍ച്ചയുണ്ടായി. കഴിഞ്ഞ മാസത്തെ ചില്ലറ വില്‍പ്പന 2019 മാര്‍ച്ചിലെ വില്‍പ്പനയെക്കാള്‍ 12 ശതമാനം ഉയര്‍ന്നുവെന്നും റീട്ടെയിലേഴ്സ് അസോസിയേഷന്‍ പറഞ്ഞു.കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയാണ് 45 ശതമാനം വര്‍ധനവോടെ ഉയര്‍ന്ന വളര്‍ച്ച നേടിയ മേഖലകള്‍. ഫര്‍ണിച്ചര്‍, ഫര്‍ണിഷിംഗ്, ഭക്ഷ്യവസ്തുക്കള്‍, പലവ്യജ്ഞനങ്ങള്‍ എന്നിവ 26 ശതമാനം വീതം  വളര്‍ച്ച നേടി.

സ്പോര്‍ട്സ് ഉത്പന്നങ്ങള്‍, അപ്പാരല്‍ ആന്‍ഡ് ക്ലോത്തിംഗ് തുടങ്ങിയ വിഭാഗങ്ങളും 26 ശതമാനം ഉയര്‍ന്നു. പാദരക്ഷ വിഭാഗം 24 ശതമാനം വളര്‍ച്ച നേടിയപ്പോള്‍, റസ്റ്ററന്റ് മേഖല 26 ശതമാനം വളര്‍ച്ച നേടി. പകര്‍ച്ച വ്യാധിയുമായി  ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കംചെയ്തത്, വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയ ദുര്‍ബലമായ വില്‍പ്പന കാണിക്കുന്ന മേഖലകളിലും വിഭാഗങ്ങളിലുമുള്ള റീട്ടെയില്‍ ബിസിനസുകളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് കാരണമായിയെന്ന് റീട്ടെയിലേഴ്സ് അസോസിയേഷന്‍ സിഇഒ കുമാര്‍ രാജഗോപാലന്‍ പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍  വളര്‍ച്ച തോത് പുനഃസ്ഥാപിക്കുമെന്നും ബിസിനസ്സ് സ്ഥിരമായ വളര്‍ച്ചാ പാതയില്‍ തിരിച്ചെത്തുമെന്നും ചില്ലറ വ്യാപാരികള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

Read more topics: # Retail sales,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved