
ഇന്ത്യയിലെ പ്രശസ്തമായ ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാള്‍ ബിസിനസിനെ കൊവിഡ് പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട്. മാളുകളുടെ 2020-21ലെ അറ്റാദായത്തില്‍ 100.5 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷം ഇത് 21.3 കോടി രൂപയായിരുന്നു. ലുലു മാളുകളുടെ പ്രവര്‍ത്തന വരുമാനം 35 ശതമാനം ഇടിഞ്ഞ് 735 കോടി രൂപയായി.
ലുലുവിന്റെ ഇന്ത്യയിലെ മാള്‍ ബിസിനസ്സ്, ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ്. 2021 മാര്‍ച്ച് 31 വരെ പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചിരുന്ന ഒരേയൊരു പ്രധാന മാള്‍ കൊച്ചിയിലായിരുന്നു. പ്രസ്തുത കാലയളവില്‍ ലുലുവിന്റെ പ്രവര്‍ത്തന വരുമാനം 34.42 ശതമാനം ഇടിഞ്ഞ് 1298.2 കോടി രൂപയില്‍ നിന്ന് 734.5 കോടി രൂപയായി.
വാടകക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന വിവിധ തരത്തിലുള്ള കിഴിവുകള്‍/ഒഴിവാക്കലുകള്‍, ലുലുവിന്റെ റീട്ടെയില്‍ സ്റ്റോറുകളിലെ വില്‍പ്പനയിലെ കുറവ് മുതലായവ ഗ്രൂപ്പിന്റെ വരുമാനത്തെയും ലാഭത്തെയും പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2021 ഡിസംബറില്‍, ലുലു ഗ്രൂപ്പ് അഹമ്മദാബാദിനടുത്ത് ഒരു ആധുനിക ഷോപ്പിംഗ് മാള്‍ സ്ഥാപിക്കുന്നതിന് 2,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ 500 കോടി രൂപയുടെ നിക്ഷേപവും പ്രഖ്യാപിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ 100 ശതമാനം കയറ്റുമതി അധിഷ്ഠിത ഭക്ഷ്യ-കാര്‍ഷിക ഉല്‍പന്ന സംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന് ദീര്‍ഘകാലത്തേക്ക് രാജ്യത്തുടനീളം 30-40 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാളുകളുടെ നിര്‍മ്മാണത്തിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കുമായി വാങ്ങിയ കടം, ഒരു വര്‍ഷം മുമ്പ് 1,423.9 കോടി രൂപയില്‍ നിന്ന് 2021 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് (മൊത്തം കടത്തില്‍ ലീസ് ബാധ്യത ഒഴികെ) ഏകദേശം 40 ശതമാനം വര്‍ധിച്ച് 1,990.3 കോടി രൂപയായി.