
ന്യൂഡല്‍ഹി: കോവിഡ് -19 മൂലം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വരുമാനം 2020-21 ന്റെ ആദ്യ പാദത്തില്‍ 85.7 ശതമാനം കുറഞ്ഞ് 3,651 കോടി രൂപയായെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ ജീവനക്കാരുടെ എണ്ണം മാര്‍ച്ച് 31 ന് 74,887 ആയിരുന്നു. ജൂലൈ 31 ന് ഇത് 69,589 ആയി കുറഞ്ഞു. അതായത് 7.07 ശതമാനം കുറഞ്ഞു. രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരുടെ വരുമാനം 2019 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 5,745 കോടിയില്‍ നിന്ന് 2020 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 894 കോടി രൂപയായി കുറഞ്ഞു. വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ എണ്ണം മാര്‍ച്ച് 31 ന് 67,760 ല്‍ നിന്ന് ജൂലൈ 31 ന് 64,514 ആയി കുറഞ്ഞതായും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം ഷെഡ്യൂള്‍ഡ് ആഭ്യന്തര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 25 മുതല്‍ മെയ് 24 വരെ ഇന്ത്യയില്‍ നിര്‍ത്തിവച്ചു. മെയ് 25 മുതല്‍ അവ പുനരാരംഭിച്ചെങ്കിലും വെട്ടിക്കുറച്ച രീതിയിലാണ്.
ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സികളിലെ ജീവനക്കാരുടെ എണ്ണം ഏപ്രില്‍-ജൂലൈ കാലയളവില്‍ 22.44 ശതമാനം ഇടിഞ്ഞ് 29,254 ആയി. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വരുമാനം 2019 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 25,517 കോടിയില്‍ നിന്ന് 2020 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 3,651 കോടി രൂപയായി കുറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
എയര്‍ ഇന്ത്യയുടെ മൊത്തം വരുമാനം 2019 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 7,066 കോടിയില്‍ നിന്ന് 2020-21 ആദ്യ പാദത്തില്‍ 1,531 കോടി രൂപയായി കുറഞ്ഞതായി പുരി അറിയിച്ചു. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ രാജ്യത്തെ ആഭ്യന്തര വിമാന ഗതാഗതം 1.2 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 5.85 കോടി ആയിരുന്നു. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ അന്താരാഷ്ട്ര ഗതാഗതം 11.55 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 93.45 ലക്ഷമായിരുന്നു.
കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം മാര്‍ച്ച് 23 മുതല്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങള്‍ ഇന്ത്യയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. എന്നിരുന്നാലും, മെയ് മുതല്‍ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതല്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മില്‍ രൂപീകരിച്ച ഉഭയകക്ഷി എയര്‍ ബബിള്‍ ക്രമീകരണത്തിലും പ്രത്യേക അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു.