
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ കാലമായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ജെറ്റ് എയര്‍വെയ്സ് ഏറ്റെടുക്കാന്‍ ലഭിച്ചിട്ടുള്ളത് 11 താല്‍പ്പര്യ പത്രങ്ങള്‍. യുകെ ആസ്ഥാനമായുള്ള കല്‍റോക്ക് ക്യാപിറ്റല്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള ടര്‍ബോ ഏവിയേഷന്‍,സൗത്ത് അമേരിക്കയിലെ സിനര്‍ജി ഗ്രൂപ്പ്, ആല്‍ഫ എയര്‍വേയ്‌സ്, എംപ്ലോയീസ് കണ്‍സോര്‍ഷ്യം തുടങ്ങിയവയും കനേഡിയന്‍ പൗരന്‍ ശിവ റസിയയുമുണ്ട് പട്ടികയില്‍.
ലോക്ഡൗണ്‍ കാരണം ജെറ്റ് എയര്‍വെയ്‌സിന്റെ പാപ്പരത്ത തീരുമാനം പൂര്‍ത്തിയാക്കുന്നതിനുള്ള ഏറ്റവും പുതിയ സമയപരിധി ഓഗസ്റ്റ് 21 ലേക്ക് നീട്ടിയതിനിടയ്ക്കാണ് കമ്പനി ഏറ്റെടുക്കാന്‍ ഏറ്റവും യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിനുള്ള പുനരുജ്ജീവന പദ്ധതിയും മുന്നോട്ടു നീക്കുന്നത്. ദക്ഷിണ അമേരിക്കന്‍ കമ്പനിയായ സിനര്‍ജി ഗ്രൂപ്പിനും ന്യൂഡല്‍ഹി ആസ്ഥാനമായുള്ള പ്രൂഡന്റ് എആര്‍സിക്കും നേരത്തെ ഇതിനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരുന്നുവെങ്കിലും സമയപരിധി പാലിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരുന്നു.എയര്‍ലൈന്‍ വ്യവസായം ആഗോളതലത്തില്‍ ഏറ്റവും കനത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പുനരുജ്ജീവ പ്രക്രിയയുടെ വിജയ സാധ്യതയെച്ചൊല്ലി ആശങ്കയുണ്ട് ബന്ധപ്പെട്ടവര്‍ക്ക്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2019 ഏപ്രില്‍ 18 നാണ് ജെറ്റ് എയര്‍വേസ് പ്രവര്‍ത്തന രഹിതമായത്. 2019 ജൂണ്‍ 20 ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ച് പാപ്പരത്ത നടപടിക്കു തുടക്കമിട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകളിലുള്ള കുടിശ്ശിക 8,000 കോടിയിലധികം രൂപയാണ്. കോവിഡ് പ്രതിസന്ധി വന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ജെറ്റ് എയര്‍വേയ്‌സിന്റെ നാല് വിമാനങ്ങള്‍ നല്‍കാമെന്ന് വിമാനക്കമ്പനിയുടെ പാപ്പരത്ത പ്രക്രിയ നടപ്പിലാക്കുന്നതിനു റെസല്യൂഷന്‍ പ്രൊഫഷണലായി നിയമിതനായ ആശിഷ് ചവച്ചാരിയ കോര്‍പ്പറേറ്റ് അഫയേഴ്‌സ് സെക്രട്ടറി ഇഞ്ചെറ്റി ശ്രീനിവാസിന് കത്തെഴുതിയിരുന്നു.
25 കൊല്ലത്തെ സേവന പാരമ്പര്യമാണ് ജെറ്റ് എയര്‍വെയ്‌സിനുള്ളത്. 1993 ലാണ് ജെറ്റ് എയര്‍വേസ് വിമാന കമ്പനി സ്ഥാപിക്കുന്നത്.ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ലാഭത്തിലും മുന്‍പന്തിയിലും പ്രവര്‍ത്തിച്ചിരുന്ന ജെറ്റ് എയര്‍വേസ് 124 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായിരുന്നു. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ കടം വര്‍ധിക്കുകയും ജീവനക്കാരുടെ ശമ്പള വിതരണം ഉള്‍പ്പെടെ മുടങ്ങുകയുമായിരുന്നു.
നരേഷ് ഗോയല്‍ എന്ന പഞ്ചാബ് സ്വദേശിയാണ് ജെറ്റ് എയര്‍വെയ്‌സ് കമ്പനിയുടെ തുടക്കകാരന്‍. തന്റെ അമ്മാവന്‍ സേത് ചരണ്‍ദാസിന്റെ ട്രാവല്‍ ഏജന്‍സിയുടെ കാഷ് കൗണ്ടറിലെ ജീവനക്കാരനായാണ് നരേഷ് ഗോയലിന്റെ തുടക്കം. 1967ല്‍ (അന്ന് 18 വയസ്സായിരുന്നു പ്രായം) 300 രൂപ ശമ്പളക്കാരനായി തുടങ്ങിയ ഈ ജീവിതം 2005ലെത്തിയപ്പോള്‍ 1.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയിലേക്കുയര്‍ന്നു. ഡിഗ്രി പഠനം കഴിഞ്ഞയുടനെ ലബനീസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങി. എയര്‍ലൈന്‍സ് ബിസിനസ്സ് പാഠങ്ങള്‍ ഇവിടെ നിന്നാണ് ഗോയല്‍ പഠിക്കുന്നത്.
ജോലിയില്‍ പ്രവേശിച്ച 1967 മുതല്‍ 1974 വരെയുള്ള കാലയളവില്‍ നിരവധി ബിസിനസ് യാത്രകളില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ബിസിനസ്സ് പാഠങ്ങളും സാങ്കേതിക പാഠങ്ങള്‍ അനുഭവങ്ങളിലൂടെ സ്വായത്തമാക്കി. 1974ല്‍ ജെറ്റ്എയര്‍ എന്ന പേരില്‍ ഒരു കമ്പനിക്ക് തുടക്കമിട്ടു. ഇന്ത്യയില്‍ ബിസിനസ് നടത്തുന്ന വിദേശ വിമാനക്കമ്പനികള്‍ക്ക് മാര്‍ക്കറ്റിങ്, വില്‍പന എന്നീ മേഖലകളില്‍ സഹായം നല്‍കുകയായിരുന്നു ഈ സ്ഥാപനത്തിന്റെ ബിസിനസ്സ്. 1993 മെയ് 5ന് അന്നത്തെ സാമ്പത്തികരംഗത്തിന്റെ അനുകൂല സാഹചര്യങ്ങള്‍ മനസ്സിലാക്കി ഗോയല്‍ ജെറ്റ് എയര്‍വേയ്‌സ് എന്ന കമ്പനി സ്ഥാപിച്ചു. അന്നത്തെ സാഹചര്യത്തില്‍ ഒരു 'എയര്‍ ടാക്‌സി' കമ്പനിയായിട്ടായിരുന്നു തുടക്കം.