
കടബാധ്യത ഇല്ലാതാക്കാന്‍ അവകാശ ഓഹരി(റൈറ്റ്സ് ഇഷ്യു)യിലൂടെ വന്‍തുക സമാഹരിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇതുസംബന്ധിച്ച് ഏപ്രില്‍ 30ന് പ്രഖ്യാപനമുണ്ടായേക്കും. കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാനുള്ളശ്രമം വൈകുന്ന സാഹചര്യത്തിലാണ് റിലയന്‍സിന്റെ ഈനീക്കം. നേരത്തെ സൗദി ആരാംകോയ്ക്ക് ഓഹരികള്‍ വില്‍ക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ലോകമാകെ അടച്ചിട്ട സാഹചര്യത്തില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞത് ഈ നീക്കത്തിന് തടസ്സമായി. തുടര്‍ന്നാണ് 'പ്ലാന്‍ ബി'യെന്ന നിലയില്‍ അവകാശ ഓഹരി പുറത്തിറക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നത്.
റിലയന്‍സിന്റെ 100 ഓഹരി കൈവശമുള്ളവര്‍ക്ക് അവകാശ ഓഹരിയായി അഞ്ച് ഓഹരികള്‍ നല്‍കാനായിരിക്കും തീരുമാനിക്കുക. തിങ്കളാഴ്ചയിലെ ക്ലോസിങ് നിരക്കില്‍ നിന്ന് 10 ശതമാനം കിഴിവിലായിലിക്കും ഓഹരികള്‍ അനുവദിക്കുക. ഇതിലൂടെ 40,802 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
2021ഓടെ റിലയന്‍സിനെ 100ശതമാനം കടമില്ലാത്ത കമ്പനിയാക്കിമാറ്റുമെന്ന് 2019 ഓഗസ്റ്റിലെ ഓഹരി ഉടമകളുടെ യോഗത്തില്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 2019 ഡിസംബറിലെ കണക്കുപ്രകാരം 1.53 ലക്ഷംകോടി രൂപയാണ് റിലയന്‍സിന്റെ കടബാധ്യത. കഴിഞ്ഞയാഴ്ച ജിയോ പ്ലാറ്റ്ഫോമില്‍ ഫേസ് ബുക്ക് 43,574 കോടി രൂപ നിക്ഷേപിച്ചിരുന്നു. ജിയോമാര്‍ട്ടും വാട്സാപ്പുമായി ചേര്‍ന്ന് രാജ്യമെമ്പാടുമുള്ള കച്ചവടമാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.
എന്താണ് അവകാശ ഓഹരി
ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി അനുവദിക്കുന്നതാണ് അവകാശ ഓഹരി(റൈറ്റസ് ഇഷ്യു). ഉദാഹരണത്തിന് റൈറ്റ്‌സ് ഇഷ്യു അനുപാതം 1:1 എന്നു പറയുന്നപക്ഷം നിലവിലുള്ള ഒരു ഓഹരിക്ക് ഒരു ഓഹരികൂടി അവകാശമായി ലഭിക്കുമെന്ന് സാരം. റൈറ്റ്‌സ് മുഖവിലയ്‌ക്കോ പ്രീമിയത്തിലോ ലഭിക്കാം. പ്രീമിയത്തിലാണെങ്കില്‍കൂടി, നിലവിലുള്ള മാര്‍ക്കറ്റ് വിലയില്‍ നിന്നും താഴ്ന്ന വിലയായിരിക്കും ഓഫര്‍ പ്രൈസ്.
ഈ ഉദാഹരണത്തിലെ ഓഹരിയുടെ റൈറ്റ്‌സ് ഇഷ്യു 80 രൂപയ്ക്കാണെന്നിരിക്കട്ടെ ഇവിടെ 70 രൂപ പ്രീമിയത്തില്‍ ഇഷ്യു ചെയ്യപ്പെടുന്ന ഈ ഓഹരി നിലവിലുള്ള മാര്‍ക്കറ്റ് വിലയായ 100 രൂപയില്‍ നിന്നും 20 രൂപ താഴ്ത്തിയാണ് നല്‍കപ്പെടുന്നത്. അതിനാല്‍ ഇതും ഓഹരിയുടമകള്‍ക്ക് ലഭിക്കുന്ന മെച്ചം തന്നെ.