
മുംബൈ: ജിയോ പ്ലാറ്റ്ഫോം ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ കൂടിച്ചേര്‍ന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പുതിയ സബ്സിഡിയറി കൂടി നിലവില്‍ വരുന്നു. റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍ മാത്രമായിരിക്കും പുതിയ കമ്പനി കൈകാര്യം ചെയ്യുക. സൗദി ആരാംകോ ഉള്‍പ്പടെയുള്ള ആഗോള കമ്പനികളില്‍ നിന്ന് നിക്ഷേപം ലക്ഷ്യമിട്ടാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ പുതിയ നീക്കം.
ഇതോടെ റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍ക്കായി പുതിയ മാനേജുമെന്റ് നിലവില്‍ വരും. കമ്പനിയില്‍ പ്രൊമോട്ടര്‍മാര്‍ക്ക് 49.14 ശതമാനം ഓഹരി വിഹിതം തുടരും. സബ്സിഡിയറിയാകുമ്പോള്‍ ഓഹരി നിക്ഷേപകരുടെ കാര്യത്തില്‍ തല്‍സ്ഥതി തുടരുമെന്ന് സ്റ്റോക് എക്സ്ചേഞ്ചിനെ റിലയന്‍സ് അറിയിച്ചിട്ടുണ്ട്.
ഗുജറാത്തിലെ ജാംനഗറിലെ രണ്ട് എണ്ണ ശുദ്ധീകരണശാലകളും പെട്രോകെമിക്കല്‍ ആസ്തികളും ഉള്‍ക്കൊള്ളുന്ന ഓയില്‍, കെമിക്കല്‍ ബിസിനസിലെ 20 ശതമാനം ഓഹരികള്‍ സൗദി ആരാംകോയ്ക്ക് വില്‍ക്കാന്‍ 2019ല്‍ ധാരണയിലെത്തിയിരുന്നു. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ചര്‍ച്ച നീണ്ടുപോകുകയായിരുന്നു. ലോകത്തെതന്നെ ഏറ്റവും വലിയ എണ്ണകയറ്റുമതി കമ്പനിയായ സൗദി ആരാംകോയുമായി വീണ്ടും ചര്‍ച്ച സജീവമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.