
മുംബൈ: ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രത്യക്ഷ വിദേശ നിക്ഷേപം വരുന്നുവെന്ന് അറിയിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. സൗദി ആരാംകോ കമ്പനിയുമായിട്ടാണ് റിലയന്‍സ് കരാറിനൊരുങ്ങുന്നത്. കമ്പനിയുടെ എണ്ണ മുതല്‍ രാസവസ്തു ബിസിനസില്‍ വരെ 20 ശതമാനം ഓഹരി വാങ്ങാനാണ് ആരാംകോയുടെ നീക്കം. റിഫൈനറികള്‍ മുതല്‍ പെട്രോ കെമിക്കല്‍ ഡിവിഷനുകള്‍ വരെ സംയോജിപ്പിച്ചിരിക്കുന്ന മേഖലയിലേക്കാണ് 75 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ആരാംകോ ആലോചിക്കുന്നത്.
ഇത് ഏകദേശം അഞ്ചു ലക്ഷം കോടി ഇന്ത്യന്‍ രൂപ മൂല്യം വരും. റിലയന്‍സിന്റെ ഈ മേഖലയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.7 ലക്ഷം കോടിയുടെ വരുമാനമാണുണ്ടായത്. മുംബൈയില്‍ ഓഹരി ഉടമകളുടെ മീറ്റിങ്ങില്‍ സംസാരിക്കവേയാണ് മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. മാത്രല്ല കരാര്‍ ഉറപ്പിക്കുന്നതോടെ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയിലേക്ക് പ്രതിദിനം അഞ്ച് ലക്ഷം ബാരല്‍ ക്രൂഡ് ഓഡില്‍ സപ്ലൈ ചെയ്യാന്‍ തീരുമാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓയില്‍ കമ്പനിയായ സൗദി അറാംകോ സൗദി അറേബ്യന്‍ ദേശീയ പെട്രോളിയം പ്രകൃതി വാതക കമ്പനി കൂടിയാണ്. വരുമാനമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നും ലോകത്തിലെ ഏറ്റവും ലാഭം നേടുന്ന കമ്പനിയും ആരാംകോ തന്നെയാണ്. സൗദിയിലെ ദഹ്‌റാനിലാണ് ആരാംകോയുടെ ആസ്ഥാനം. പ്രതിദിനം 1.4 മില്യണ്‍ ബാരല്‍ എണ്ണ കൈകാര്യം ചെയ്യുന്ന സ്ഥലമാണ് ജാംനഗറിലെ റിലയന്‍സ് റിഫൈനറി. 2030തോടെ ഇത് 2 മില്യണായി ഉയര്‍ത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
റിലയന്‍സ് ജിയോയുടെ വേഗത 100 എംബിപിഎസില്‍നിന്ന് ഒരു ജിബിപിഎസിലേക്ക് മാറുമെന്നും മുകേഷ് അംബാനി അടുത്തിടെ അറിയിച്ചിരുന്നു. റിലയന്‍സ് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ചെയര്‍മാന്‍ മുകേഷ് അംബാനി ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍ നടത്തി. വീടുകളിലും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ്, ടിവി, ലാന്‍ഡ് ലൈന്‍ എന്നിവ ഒരുമിച്ച് എത്തിക്കുന്ന ജിയോ ഫൈബര്‍ പദ്ധതി സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു.