
മുംബൈ: മുകേഷ് അംബാനിയുടെ വന്‍ പ്രഖ്യാപനങ്ങള്‍ക്കു കാതോര്‍ത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗം. സൗദി ആരാംകോയുമായുള്ള 1500 കോടി ഡോളറിന്റെ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം പൊതുയോഗത്തിലുണ്ടായേക്കും. ജിയോ പ്ലാറ്റ്ഫോം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നകാര്യവും 5ജി സേവനം നല്‍കുന്നതിന്റെ പ്രഖ്യാപനവും പൊതുയോഗത്തില്‍ പ്രതീക്ഷിക്കാം. ഇ-കൊമേഴ്സ് സംരംഭമായ ജിയോമാര്‍ട്ടിന്റെ അതിവേഗവളര്‍ച്ചാസാധ്യതകളും യോഗത്തില്‍ ഉയര്‍ന്നുവന്നേക്കാം.
ലോകകോടീശ്വരന്മാരില്‍ ആറാമനായ അംബാനിയുടെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് ഓഹരി ഉടമകള്‍. ഇന്‍ഷുറന്‍സ് ബ്രോക്കിങ്, മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പടെയുള്ള ധനകാര്യ സേവനങ്ങള്‍ പുതിയതായി തുടങ്ങിയേക്കാം. 38 കോയിലേറെ വരിക്കാരുള്ള ജിയോയും 11,784 സ്റ്റോറുകളുള്ള റിലയന്‍സ് റീട്ടെയിലും ഇത്തരംസേവനങ്ങള്‍ എളുപ്പത്തില്‍ നല്‍കാനുള്ള സാധ്യത കമ്പനിക്ക് നല്‍കുന്നു. നാലുവര്‍ഷം മുമ്പത്തെ ഒരുവാര്‍ഷിക പൊതുയോഗത്തിലാണ് ജിയോയുടെ വരവ് അംബാനി പ്രഖ്യാപിച്ചത്. ഇന്ന് ജിയോ രാജ്യത്തെ ഏറ്റവുംവലിയ ടെലികോം സേവനദാതാവായി മാറിക്കഴിഞ്ഞു.
500 വ്യത്യസ്ത ഇടങ്ങളില്‍നിന്നായി ഒരുലക്ഷത്തിലധികംവരുന്ന ഓഹരി ഉടമകള്‍ക്ക് ഓണ്‍ലൈനായി യോഗത്തില്‍ ഒരെസമയം പങ്കെടുക്കാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. രണ്ടുമണിക്കാണ് വാര്‍ഷിക പൊതുയോഗംതുടങ്ങുക. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും യുട്യൂബിലും തത്സമയം സംപ്രേഷണം ഉണ്ടാകും.