റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുത്തു; 24,713 കോടി രൂപയുടെ ഇടപാട്

September 01, 2020 |
|
News

                  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുത്തു; 24,713 കോടി രൂപയുടെ ഇടപാട്

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെന്‍ചേഴ്‌സ് ലിമിറ്റഡ് (ആര്‍ആര്‍വിഎല്‍) ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിന്ന് മുഴുവന്‍ റീട്ടെയില്‍, മൊത്ത, ലോജിസ്റ്റിക്, വെയര്‍ഹൌസിംഗ് ബിസിനസുകളും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. 24,713 കോടി രൂപയുടെ ഇടപാട് ഇരു കമ്പനികളും തമ്മില്‍ നടന്നത്.

ബിസിനസ് ലോകം പ്രതീക്ഷിച്ചിരുന്ന ഈ ഏറ്റെടുക്കലിലൂടെ ഇന്ത്യയുടെ 'റീട്ടെയില്‍ രാജാവായിരുന്ന' ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ കിഷോര്‍ ബിയാനി മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബിസിനസില്‍ നിന്ന് പിന്‍വാങ്ങുകയാണ്. അതേ സമയം ബഹുരാഷ്ട്ര കമ്പനികളുടെ വന്‍ നിക്ഷേപത്തിന് സാക്ഷ്യം വഹിക്കുന്ന ഇന്ത്യന്‍ റീട്ടെയില്‍ വ്യവസായത്തില്‍ അംബാനിയുടെ സ്ഥാനം ഇത് ഉറപ്പിക്കും. ഡി-മാര്‍ട്ട്, ആദിത്യ ബിര്‍ള ഫാഷന്‍ എന്നിവയോട് മത്സരിക്കാന്‍ കടുത്ത പോരാട്ടമാകും ഇനി റിലയന്‍സ് നടത്തുക.

ലയനം ബിയാനിയെ കടത്തില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കും. റീട്ടെയില്‍ ബിസിനസുകള്‍ നടത്തുന്ന ചില കമ്പനികളെ ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ (എഫ്ഇഎല്‍) ലയിപ്പിക്കുന്ന ലയന പദ്ധതിയുടെ ഭാഗമായാണ് ഏറ്റെടുക്കല്‍ നടക്കുന്നതെന്ന് റിലയന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. പദ്ധതി പ്രകാരം വിവിധ ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളായ ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ്, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്, ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍ ലിമിറ്റഡ്, ഫ്യൂച്ചര്‍ ബ്രാന്‍ഡ്‌സ് ലിമിറ്റഡ്, ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ്വര്‍ക്ക് ലിമിറ്റഡ് എന്നിവ ആദ്യം ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ ലയിക്കും.

തുടര്‍ന്ന്, റീട്ടെയില്‍, മൊത്തവ്യാപാര സ്ഥാപനങ്ങള്‍ ആര്‍ആര്‍വിഎല്ലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ റിലയന്‍സ് റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ ലൈഫ്സ്‌റ്റൈല്‍ ലിമിറ്റഡിലേക്ക് (ആര്‍ആര്‍എഫ്എല്‍എല്‍) മാറ്റും. അതേസമയം, ലോജിസ്റ്റിക്‌സും വെയര്‍ഹൌസിംഗ് ഏറ്റെടുക്കലും ആര്‍വിവിഎല്ലിലേക്ക് മാറ്റും. ആര്‍ആര്‍എഫ്എല്‍എല്ലും ആര്‍ആര്‍വിഎല്ലും ചില വായ്പകളും നിലവിലെ ബാധ്യതകളും ഏറ്റെടുക്കുകയും ബാക്കി പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യും. ലയന പദ്ധതി പ്രകാരം, ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് ഫ്യൂച്ചര്‍ കണ്‍സ്യൂമറില്‍ കൈവശമുള്ള ഓരോ 10 ഷെയറുകള്‍ക്കും ഫെല്ലിന്റെ 9 ഓഹരികള്‍ നല്‍കും. 10 ഓഹരികളുള്ള ഫ്യൂച്ചര്‍ സപ്ലൈ ചെയിനിന്റെ ഓഹരി ഉടമകള്‍ക്ക് 131 ഓഹരികള്‍ ഫെല്ലില്‍ ലഭിക്കും.

Related Articles

© 2024 Financial Views. All Rights Reserved