
മുംബൈ: റിലയന്‍സിന്റെ കച്ചവടം പൊടിപൊടിക്കുകയാണ്. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം 13,227 കോടി രൂപയിലെത്തി. 2020 മാര്‍ച്ച് പാദത്തില്‍ 6,348 കോടി രൂപയായിരുന്നു ഇത്. ചുരുക്കത്തില്‍ നാലാം പാദം റിലയന്‍സ് കുറിച്ച ലാഭം രണ്ടു മടങ്ങിലേറെയാണ്. റീടെയില്‍, പെട്രോകെമിക്കല്‍ ബിസിനസുകളിലെ ഉണര്‍വ് ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ കമ്പനിക്ക് തുണയായി. ഇക്കാലത്ത് സംയോജിത വരുമാനം 13.6 ശതമാനം വര്‍ധിച്ച് 1.72 ലക്ഷം കോടിയിലെത്തിയതായും റിലയന്‍സ് വെള്ളിയാഴ്ച്ച അറിയിച്ചു.
797 കോടി രൂപയാണ് ഒറ്റത്തവണ നേട്ടമായി കമ്പനി കണ്ടെത്തിയത്. വെള്ളിയാഴ്ച്ച സാമ്പത്തിക ഫലം പുറത്തുവിടും മുന്‍പ് റിലയന്‍സ് ഓഹരികള്‍ 1.4 ശതമാനത്തോളം ഇടിവ് ബോംബെ സൂചികയില്‍ രേഖപ്പെടുത്തിയിരുന്നു. നിലവില്‍ റിലയന്‍സ് ഓഹരിയൊന്നിന് 1,994.45 രൂപയാണ് നിരക്ക്. മികവാര്‍ന്ന സാമ്പത്തിക ഫലം അടിസ്ഥാനപ്പെടുത്തി തിങ്കളാഴ്ച്ച കമ്പനിയുടെ ഓഹരികള്‍ കുതിക്കുമെന്ന ശുഭാപ്തി വിശ്വാസം ഇപ്പോള്‍ നിക്ഷേപകര്‍ക്കുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ ചിത്രം പരിശോധിച്ചാല്‍ 57,739 കോടി രൂപയാണ് എല്ലാ ബിസിനസുകളില്‍ നിന്നുമായി റിലയന്‍സ് അറ്റാദായം കണ്ടെത്തിയത്. വാര്‍ഷികാടിസ്ഥാനത്തിലുള്ള ലാഭ വളര്‍ച്ച 34.8 ശതമാനം. ഇതേസമയം, കമ്പനിയുടെ മൊത്തം വരുമാനം 18.3 ശതമാനം കുറഞ്ഞ് 5.39 ലക്ഷം കോടി രൂപയായി.
ഓയില്‍-ടു-കെമിക്കല്‍ (ഛ2ഇ) ബിസിനസില്‍ കമ്പനി നേരിട്ട തളര്‍ച്ചയാണ് വരുമാനം ഇടിയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. എന്നാല്‍ അവസാന പാദത്തില്‍ എണ്ണ മേഖലയില്‍ ഡിമാന്‍ഡ് കാര്യമായി ഉയര്‍ന്നതോടെ വലിയ ക്ഷീണത്തില്‍ നിന്നും റിലയന്‍സ് കരകയറി. നിലവില്‍ വരുമാനത്തിന്റെ 60 ശതമാനവും ഓയില്‍-ടു-കെമിക്കല്‍ ബിസിനസില്‍ നിന്നാണ് റിലയന്‍സ് കണ്ടെത്തുന്നത്.
ഉപഭോക്തൃ ബിസിനസ്
പതിവുപോലെ ഉപഭോക്തൃ ബിസിനസില്‍ റിലയന്‍സ് വളര്‍ച്ച തുടരുകയാണ്. മഹാമാരിയുടെ കാലത്തും 75,000 പേര്‍ക്ക് ജോലി നല്‍കാന്‍ റിലയന്‍സിന് സാധിച്ചതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. നാലാം പാദത്തില്‍ 797 കോടി രൂപയാണ് കമ്പനിയുടെ ഒറ്റത്തവണ നേട്ടം. 850 കോടി രൂപയ്ക്ക് മാര്‍സെലസ് അസറ്റ്സ് ഓഹരികള്‍ വിറ്റഴിച്ചതും 53 കോടി രൂപയ്ക്ക് ഗാപ്കോ ഓഹരികള്‍ വിറ്റതും ഈ കണക്കിലേക്ക് ചേര്‍ക്കപ്പെട്ടു.
ഓയില്‍-ടു-കെമിക്കല്‍ ബിസിനസ്
ഓയില്‍-ടു-കെമിക്കല്‍ ബിസിനസില്‍ നിന്നും 3.2 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിലയന്‍സ് കുറിച്ചത്. 29 ശതമാനം ഇടിവ് വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിക്ക് ഇവിടെ സംഭവിച്ചു. എന്തായാലും നാലാം പാദത്തില്‍ ശുഭകരമായ ചിത്രമാണ് റിലയന്‍സിന് ലഭിക്കുന്നത്. ഇക്കാലത്ത് ഓയില്‍-ടു-കെമിക്കല്‍ ബിസിനസ് 20.6 ശതമാനം ഉയര്‍ന്ന് 1.01 ലക്ഷം കോടി രൂപയായി. കഴിഞ്ഞവര്‍ഷം രണ്ടാം പാദത്തില്‍ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നതാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആധാരമായതെന്ന് ആര്‍ഐഎല്‍ ജോയിന്റ് ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ വി ശ്രീകാന്ത് അറിയിച്ചു. റീടെയില്‍ പ്രവര്‍ത്തനങ്ങള്‍ 50 ശതമാനം എക്സിറ്റ് നിരക്കില്‍ നിന്നും 95 ശതമാനമായി.
ജിയോ
റിലയന്‍സിലേക്ക് ഉപഭോക്താക്കളെ പതിവായി കൊണ്ടുവരുന്നതില്‍ ജിയോ നിര്‍ണായക പങ്കുവഹിച്ചു. ജനുവരി - മാര്‍ച്ച് കാലഘട്ടത്തില്‍ ജിയോ പ്ലാറ്റ്ഫോം 3,508 കോടി രൂപയാണ് അറ്റാദായമായി കമ്പനിയുടെ കണക്കുപുസ്തകത്തിലേക്ക് ചേര്‍ത്തത്. വരുമാനം 18,278 കോടി രൂപയും തൊട്ടു. ഇതേസമയം, ഓരോ ഉപഭോക്താവില്‍ നിന്നുള്ള ജിയോയുടെ പ്രതിശീര്‍ഷ വരുമാനം 8 ശതമാനം കുറഞ്ഞ് 138.2 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.
2019 ഒക്ടോബറിലാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് കീഴിലുണ്ടായിരുന്ന ടെലികോം ബിസിനസുകളും മറ്റു ഡിജിറ്റല്‍ സംരംഭങ്ങളും ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിലേക്ക് (ജെപിഎല്‍) കമ്പനി പറിച്ചുനട്ടത്. ജെപിഎല്ലിന്റെ വരുമാനത്തില്‍ സിംഹഭാഗവും സംഭാവന ചെയ്യുന്നത് ടെലികോം ബിസിനസാണ്.
റിലയന്‍സ് റീടെയില്‍
മാര്‍ച്ച് പാദം അവസാനിക്കുമ്പോള്‍ 426 മില്യണ്‍ ഉപയോക്താക്കളുണ്ട് റിലയന്‍സ് ജിയോയ്ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 75,503 കോടി രൂപ വരുമാനമായും 12,537 കോടി രൂപ അറ്റാദായമായും ജിയോ കണ്ടെത്തി. റിലയന്‍സ് റീടെയിലിനും തകര്‍പ്പന്‍ പാദമാണ് ജനുവരി - മാര്‍ച്ച് കാലം സമ്മാനിച്ചത്. ഇക്കാലത്ത് റിലയന്‍സിന്റെ റീടെയില്‍ ബിസിനസ് 23 ശതമാനം വരുമാനവളര്‍ച്ച കുറിച്ചു (47,064 കോടി രൂപ).
ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍, ഗ്രോസറി, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് മേഖലകളില്‍ ഡിമാന്‍ഡ് ഉണര്‍ന്നത് റിലയന്‍സ് റീടെയിലിന് തുണയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിലയന്‍സ് റീടെയിലിന്റെ അറ്റാദായം 5,481 കോടി രൂപയാണ്. കോവിഡ് കാരണം മൊത്തം വരുമാനം 3.3 ശതമാനം ഇടിഞ്ഞ് 1.57 കോടി രൂപയിലുമെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,456 പുതിയ സ്റ്റോറുകളാണ് റിലയന്‍സ് റീടെയില്‍ ഇന്ത്യയില്‍ തുറന്നത്. ഇതോടെ കമ്പനിയുടെ മൊത്തം ഔട്ട്ലെറ്റുകളുടെ എണ്ണം 12,000 കവിഞ്ഞു.