
ന്യൂഡല്‍ഹി: ജീവനക്കാരുടെ തടഞ്ഞുവെച്ച ശമ്പളം തിരിച്ച് നല്‍കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ ഹൈഡ്രോ കാര്‍ബണ്‍ ബിസ്സിനസ്സിലെ ജീവനക്കാരുടെ തടഞ്ഞുവെയ്ക്കപ്പെട്ട ശമ്പളമാണ് തിരികെ നല്‍കാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ജീവനക്കാരുടെ തടഞ്ഞ് വെച്ച പെര്‍ഫോമന്‍സ് അലവന്‍സും കമ്പനി പുനഃസ്ഥാപിക്കും.
കൊവിഡ് പ്രതിസന്ധിയുടെ കാലത്തെ ജീവനക്കാരുടെ സേവനത്തിനുളള നന്ദി സൂചനകമായാണ് റിലയന്‍സിന്റെ നീക്കം. റിലയന്‍സിന്റെ ഹൈഡ്രോകാര്‍ബണ്‍ ബിസ്സിനസ്സിലെ ലക്ഷത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് 30 ശതമാനം ശമ്പളം അഡ്വാന്‍സ് ആയും കമ്പനി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റിലയന്‍സിന്റെ വിവിധ ബിസിനസ്സുകളിലായി 3.5 ലക്ഷത്തില്‍ അധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കാനുളള കമ്പനിയുടെ തീരുമാനത്തോടെ ഉത്സവകാലത്ത് റിലയന്‍സ് ജീവനക്കാരുടെ കൈകളിലേക്ക് കൂടുതല്‍ പണമെത്തും. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിലയന്‍സ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത്.
ഹൈഡ്രോ കാര്‍ബണ്‍ വിഭാഗത്തിലെ ജീവനക്കാരുടെ ശമ്പളം 10 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് വെട്ടിക്കുറച്ചത്. റിലയന്‍സ് ചെയര്‍മാനായ മുകേഷ് അംബാനി ഈ സാമ്പത്തിക വര്‍ഷത്തെ എല്ലാ വിധത്തിലുളള ശമ്പളവും ഉപേക്ഷിച്ചിരുന്നു. 15 കോടിയോളം രൂപയാണ് അംബാനി വേണ്ടെന്ന് വെച്ചത്. വാര്‍ഷിക ബോണസുകളും പ്രകടനം അടിസ്ഥാനപ്പെടുത്തി നല്‍കിയിരുന്ന ഇന്‍സെന്റീവുകളും കമ്പനി നിര്‍ത്തി വെച്ചിരുന്നു. റിലയന്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സും, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അടക്കമുളളവരുടെ ശമ്പളം വലിയ തോതില്‍ വെട്ടിക്കുറച്ചിരുന്നു. 15 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക ശമ്പളമുളള ജീവനക്കാരുടെ ശമ്പളമാണ് 10 ശതമാനത്തോളം വെട്ടിക്കുറച്ചത്.