
കൊച്ചി: രാജ്യത്തെ പാക്കിങ് കാര്‍ട്ടന്‍ വ്യവസായ രംഗത്ത് വന്‍ തകര്‍ച്ചയാണ് കോവിഡിനെത്തുടര്‍ന്ന് ഉണ്ടായിരിക്കുന്നതെന്നു വ്യവസായലോകം. ക്രാഫ്റ്റ് പേപ്പറിന് കഴിഞ്ഞ വര്‍ഷം മുതല്‍ മാസം തോറും വിലകൂടുകയാണ്. ഈ മാസം ഒരു ടണ്‍ ക്രാഫ്റ്റ് പേപ്പറിന് 5000 മുതല്‍ 7000 രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പേപ്പര്‍ മില്ലുകളുടെ പ്രധാന ഊര്‍ജ സ്രോതസ്സായ കല്‍ക്കരിയുടെ വിലയില്‍ ഉണ്ടായിട്ടുള്ള ക്രമാതീതമായ വര്‍ധനയാണ് ക്രാഫ്റ്റ് പേപ്പറിന്റെ വിലവര്‍ധനയ്ക്കു പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നൂ.
ചൈനയിലെ കടുത്ത വൈദ്യുതി ക്ഷാമം കാരണം ഇന്ത്യയില്‍നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള ഫിനിഷ്ഡ് പേപ്പറിനുള്ള ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. ഇതു കാരണം ഇവിടുത്തെ പേപ്പര്‍ നിര്‍മാതാക്കള്‍ കൂടുതല്‍ പേപ്പര്‍ അവിടുത്തേക്ക് കയറ്റിയയയ്ക്കാന്‍ തുടങ്ങി. വന്‍കിട പേപ്പര്‍ നിര്‍മാതാക്കള്‍ പേപ്പര്‍ കയറ്റിയയയ്ക്കാന്‍ തുടങ്ങിയതോടെ ആഭ്യന്തര വിപണിയില്‍ പേപ്പര്‍ ലഭ്യത കുറഞ്ഞു. ഇതിനിടെ ഇറക്കുമതി ചെയ്യുന്ന വേസ്റ്റ് പേപ്പറിന്റെ വില പ്രതിദിനം വര്‍ധിക്കുകയാണ്. ആഗോള കണ്ടെയ്നര്‍ ചരക്കുകൂലിയില്‍ ഉണ്ടായിട്ടുള്ള വര്‍ധനയും ഇതിന് ആക്കം കൂട്ടി.
ഈ പ്രതികൂല ഘടകങ്ങള്‍ ഒന്നിച്ചുവന്നപ്പോള്‍, പേപ്പര്‍ മില്ലുകള്‍ പലതും പൂട്ടി. ക്രാഫ്റ്റ് പേപ്പര്‍ വില ഇനിയും വര്‍ധിക്കനുള്ള സാഹചര്യം മുന്നില്‍ക്കണ്ട്, ചില വന്‍കിട ഓട്ടമാറ്റിക് കാര്‍ട്ടന്‍ നിര്‍മാതാക്കള്‍ കൂടുതല്‍ പേപ്പര്‍ വാങ്ങി സ്റ്റോക്ക് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. അങ്ങനെ 90% ചെറുകിട മേഖലയിലുള്ള കാര്‍ട്ടന്‍ ബോക്‌സ് നിര്‍മാതാക്കള്‍ പിടിച്ചുനില്‍ക്കാനാവാതെ അടച്ചുപൂട്ടേണ്ടി വരുന്ന രൂക്ഷമായ പ്രതിസന്ധിയാണ് നേരിട്ടൂകൊണ്ടിക്കുന്നത്. കാര്‍ട്ടണ്‍ ബോക്‌സിന്റെ അമിതമായ വിലവര്‍ധന കാരണം, പല നിര്‍മാതാക്കളും വിലകുറഞ്ഞ പ്ലാസ്റ്റിക് പാക്കിങ്ങിനു നിര്‍ബന്ധിതരാകുകയാണ്.
സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ദൂഷ്യങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചതോടെ അസംഘടിത ചില്ലറ വില്‍പനക്കാര്‍, ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി, കാര്‍ഷികം തുടങ്ങിയ മേഖലകള്‍ ക്രമേണ പ്രകൃതി സൗഹൃദ കൊറഗേറ്റഡ് പാക്കിങ്ങിലേക്ക് മാറാന്‍ തുടങ്ങിയെങ്കിലും കൊറഗേറ്റഡ് ബോക്സുകള്‍ക്കുള്ള ജിഎസ്ടി നിരക്ക് 12ല്‍ 18% ആയി വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇതിനു തിരിച്ചടിയായിട്ടുണ്ട്. ജിഎസ്ടി നിരക്ക് കുറയ്ക്കാനോ ഈ മാസാമാദ്യം വരുത്തിയ വര്‍ധന പിന്‍വലിക്കാനങ്കിലുമോ തയാറാകണമെന്ന് ബോക്സ് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു.