
ഡല്‍ഹി: രാജ്യത്തെ തേയില ഉത്പാദനം ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂലൈയില്‍ 8.3 ശതമാനം ഉയര്‍ന്നെന്നാണ് ഇപ്പോള്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. 176.07 ദശലക്ഷം കിലോയായിട്ടാണ് ഉത്പാദനം ഉയര്‍ന്നത്. ജൂലൈയില്‍ അസം 97.02 ദശലക്ഷം കിലോ തേയില ഉത്പാദിപ്പിച്ചുവെന്നും കഴിഞ്ഞ വര്‍ഷം 93.71 ദശലക്ഷം തേയിലയാണ് ഉത്പാദിപ്പിച്ചതെന്നും സര്‍ക്കാര്‍ തേയില ബോര്‍ഡ് അറിയിച്ചു. ലോകത്തിലെ രണ്ടാമത്തെ വലിയ തേയില ഉത്പാദകനാണ് ഇന്ത്യ.
പ്രധാനമായും ഈജിപ്ത്, പാകിസ്ഥാന്‍, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിലേക്ക് സിടിസി ഗ്രേഡ് കയറ്റുമതി ചെയ്യുന്നുണ്ട്. 2019 ലെ ആദ്യ ഏഴു മാസങ്ങളില്‍ രാജ്യത്തെ തേയില ഉല്‍പാദനം 5.9 ശതമാനം ഉയര്‍ന്ന് 649.75 ദശലക്ഷമായി ഉയര്‍ന്നു. ഒരു കിലോ തേയിലയ്ക്ക് അമ്പതിനായിരം രൂപ വില ലഭിച്ചുവെന്ന് ഏതാനും ആഴ്ച്ച മുന്‍പ് വാര്‍ത്ത പുറത്ത് വന്നിരുന്നു. ടീ ലേലത്തിലാണ് ആസമിലെ 'മനോഹരി' എന്ന ബ്രാന്‍ഡില്‍പ്പെട്ട തേയില 50000 രൂപയ്ക്ക് വിറ്റുപോയത്.
ആഗോളതലത്തില്‍ തന്നെ ഇത്രയും രൂപയ്ക്ക് തേയില ലേലത്തില്‍പോകുന്നത് ഇതാദ്യമാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ബ്രാന്‍ഡിന് ലഭിച്ചത് 39,001 രൂപയായിരുന്നു. പിന്നീട് അരുണാചല്‍ പ്രദേശിലെ ഗോള്‍ഡന്‍ നീഡില്‍ എന്ന ബ്രാന്‍ഡില്‍പ്പെട്ട തേയില 40000 രൂപയ്ക്ക് വിറ്റ് റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഈ റെക്കോഡാണ് ഇപ്പോള്‍ ആസമിലെ 'മനോഹരി' വീണ്ടും തിരുത്തിയത്.