
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനമായ വിപ്രോയുടെ സ്ഥാപകനും, എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ അസിം പ്രേംജി വിരമിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജൂലൈ 31 ന് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളോടും അസിം പ്രേംജി വിടപറയും. അസിം പ്രേംജിയുടെ അപ്രതീക്ഷിത വിരമിക്കല്‍ വാര്‍ത്തയെ വ്യാവസായിക ലോകം വളരെ ഗൗരവത്തോടെയാണ് ഇന്ന് ഉറ്റുനോക്കുന്നത്. നീണ്ട 53 വര്‍ഷത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അസിം പ്രേംജി അവസാനിപ്പിക്കുമ്പോള്‍ കമ്പനിക്ക് തീരാ നഷ്ടം തന്നെയാണ് നല്‍കുന്നത്. വിപ്രോയുടെ മാനേജിങ് ജയറക്ട്രര്‍, എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ച വ്യക്തി കൂടിയാണ് അസിം പ്രേംജി.
ചെറുകിട ബിസിനസ് സംരഭങ്ങളിലൂടെയാണ് അസിം പ്രേംജി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 8.5 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്ക് വിപ്രോയെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അസിം പ്രേജി ഇനി വിപ്രോയുമായി ബന്ധപ്പെട്ട ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് ഇപ്പോള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അതേസമയം വിപ്രോയുടെ കമ്പനിയുടെ പുതിയ നേതൃത്വം മകന്‍ റിഷാദ് ഏറ്റെടുക്കുമെന്നാണ് വിവരം. കമ്പനിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോട് അസിം പ്രേംജി വിടപറയുമെങ്കിലും ബോര്‍ഡംഗത്തില്‍ നിന്ന് പുറത്തുപോകില്ല. ഫൗണ്ടര്‍ ചെയര്‍മാന്‍, നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചേക്കും.
അതേസമയം കമ്പനിയുടെ പുതിയ തലപ്പത്തേക്ക് നേതൃ മാറ്റം ഉണ്ടാകണമെങ്കില്‍ ഓഹരി ഉടമകളുടെ അനുവാദം കിട്ടണമെന്നാണ് നിലവിലുള്ള വ്യവസ്ഥ. മകന്‍ റിഷാദ് പ്രേംജി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനവും, വിപ്രോ സിഇഒ ആബിദലി നീമുച്ച് വാല മാനേജിങ് ഡയറക്ടറുടെ സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് സൂചന.