
2021-22ന്റെ മൂന്നാം പാദത്തില്‍ ടൈല്‍സിന്റെ വില വാര്‍ഷിക അടിസ്ഥാനത്തില്‍ 12-15 ശതമാനം വര്‍ധിച്ചു. 2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ ടൈല്‍സ് വില 5-7 ശതമാനം വീണ്ടും വര്‍ധിക്കുമെന്ന് ഐസിആര്‍എ റേറ്റിംഗ്‌സ് കരുതുന്നു. വര്‍ധിച്ച് വരുന്ന ഊര്‍ജ്ജ ചെലവുകള്‍, ചരക്ക് കൂലി, കണ്ടെയ്‌നര്‍ ദൗര്‍ലബ്യം എന്നിവ കാരണം സെറാമിക് ടൈല്‍സ് വ്യവസായത്തിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 2 ശതമാനം വരെ കുറവുണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ഐസിആര്‍എ റേറ്റിംഗ്‌സ് കരുതുന്നു.
ടൈല്‍സ് നിര്‍മ്മാണത്തില്‍ പ്രധാന ചെലവ് പൈപ്ഡ് പ്രകൃതി വാതകത്തിനാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഗുജറാത്ത് പൈപ്സ് പൈപ്ഡ് പ്രകൃതി വാതകത്തിന്റെ വില 129 ശതമാനം വര്‍ധിപ്പിച്ചു. 2020 ഡിസംബറില്‍ സാധാരണ ക്യുബിക്ക് മീറ്ററിന് 27 രൂപയായിരുന്നത് ഇപ്പോള്‍ 63 രൂപയായി ഉയര്‍ന്നു. ഇനിയും 8 രൂപ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടൈല്‍സ് കയറ്റുമതിയില്‍ കഴിഞ്ഞ 4 വര്‍ഷത്തെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 27 ശതമാനമാണ്. മൊത്തം ഉല്‍പ്പാദനത്തിന്റെ 40 ശതമാനം കയറ്റുമതി ചെയ്യുന്നു.
കാലാവസ്ഥ വ്യതിയാനം, വിതരണ തടസങ്ങള്‍, കുറഞ്ഞ ശേഖരം, ക്രൂഡ് ഓയില്‍ വില വര്‍ധനവ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് പ്രകൃതി വാതകത്തിന്റെ വില ഉയരുകയാണ്. ഉല്‍പാദന ചെലവില്‍ ഉണ്ടായ വര്‍ധനവ് ഭാഗികമായി കമ്പനികള്‍ ഉപഭോക്താവിലേക്ക് കൈമാറിയിട്ടുണ്ട്. റീറ്റെയ്ല്‍ രംഗത്ത് ശക്തമല്ലാത്തതുകൊണ്ട് ചെറുകിട ഇടത്തരം ടൈല്‍സ് നിര്‍മാതാക്കള്‍ക്ക് അധിക ഉല്‍പ്പാദന ചിലവ് ഉപഭോക്താക്കളുടെ ചുമലില്‍ വെക്കാന്‍ കഴിയുന്നില്ല. പൈപ്ഡ് പ്രകൃതി വാതകത്തിനു പകരം വില കുറവുള്ള പ്രൊപേന്‍ ഉപയോഗിക്കാന്‍ ടൈല്‍സ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നുണ്ട്. കയറ്റുമതി കുറയുന്നത് കാരണം കൂടുതല്‍ ഉല്‍പ്പാദനം ആഭ്യന്തര വിപണിയില്‍ എത്തുന്നത് കാരണം വില വര്‍ധിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്
വ്യാവസായിക മാന്ദ്യത്തിലും ടൈല്‍സ് ബിസിനസില്‍ കജാരിയ സെറാമിക്സിന് 2021-22 മൂന്നാം പാദത്തില്‍ 26.8 ശതമാനം വര്‍ധനവ്. മൊത്ത ലാഭത്തില്‍ (നികുതിക്ക് മുന്‍പേ)1.3 ശതമാനം വര്‍ധിച്ച് 160 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 4.5 ശതമാനം കുറഞ്ഞ് 17.2 ശതമാനമായി. വര്‍ധിച്ച ഇന്ധന വിലയും, അസംസ്‌കൃത വസ്തുക്കളുടെ വിലയും പ്രവര്‍ത്തന പ്രവര്‍ത്തന ലാഭത്തില്‍ ഇടിവുണ്ടാകാന്‍ കാരണം. കജാരിയാ സെറാമിക്സ്, സെറ സാനിറ്ററി വെയര്‍, സൊമാനി സെറാമിക്സ്, ഓറിയന്റ് ബെല്‍, നിറ്റ് കോ തുടങ്ങിയ കമ്പനികളാണ് ടൈല്‍സ് നിര്‍മാണത്തില്‍ പ്രമുഖര്‍.