കൊവിഡില്‍ അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി ഉയരുന്നു; ബിസിനസുകള്‍ക്ക് വെല്ലുവിളി

June 08, 2021 |
|
News

                  കൊവിഡില്‍ അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി ഉയരുന്നു; ബിസിനസുകള്‍ക്ക് വെല്ലുവിളി

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വില ക്രമാതീതമായി ഉയരുന്നത് ബിസിനസുകള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായി വ്യാവസായിക സംഘടനയായ പിഎച്ച്ഡിസിസിഐയുടെ സര്‍വേ. 34 സെക്ടറുകളിലായി നടത്തിയ സര്‍വേയില്‍ 73 ശതമാനം പേരും ചെലവ് ഉയരുന്നത് പ്രതിസന്ധിയാണെന്ന് അഭിപ്രായപ്പെട്ടു.

കൊവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്തിന്റെ പല ഭാഗത്തും സാമ്പത്തിക രംഗത്തിന്റെ പ്രവര്‍ത്തനത്തെ ക്ഷീണിപ്പിച്ചു. വിതരണ ശൃംഖല തടസ്സപ്പെടുകയും ഡിമാന്റ് ഇടിയുകയും ചെയ്തു. ഇത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയെന്നും സര്‍വേ അഭിപ്രായപ്പെട്ടു.
പ്രവര്‍ത്തന മൂലധനത്തിന്റെ അപര്യാപ്തത, പൊഫിറ്റബിലിറ്റി, ഡിമാന്റിലെ കുറവ്, തൊഴിലാളികളുടെ ക്ഷാമം, വേതനം, വായ്പാ തിരിച്ചടവ് തുടങ്ങിയവയും വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്.

ഓഫീസുകളും കടകളും അടച്ചതോടെ മൊത്തം സാമ്പത്തിക പ്രവര്‍ത്തനത്തിനും തിരിച്ചടിയുണ്ടായെന്ന് പിഎച്ചിഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി പ്രസിഡന്റ് സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. വിതരണ ശൃംഖല മുറിയുന്നത് ഉല്‍പ്പന്നങ്ങളുടെ വില ഉയരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ഇത് പ്രൈസ് - കോസ്റ്റ് മാര്‍ജിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles

© 2025 Financial Views. All Rights Reserved