
ഡല്‍ഹി: ജമ്മു കശ്മീര്‍ വിഭജിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് സംസ്ഥാനത്തിന് ഒരു ലക്ഷം കോടിയുടെ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും സമ്പദ് വ്യവസ്ഥ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാക്കേജില്‍ 2015ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും നടക്കാതെ പോയ വികസന പദ്ധതികളും ഉള്‍പ്പെടുമെന്നും സൂചനയുണ്ട്. പദ്ധതി പ്രകാരം പാക്കേജിന് ആവശ്യമായ മൂന്നില്‍ രണ്ട് തുക പ്രധാനമന്ത്രി ഉറപ്പ് പറഞ്ഞിരുന്നു. ഇത് ഏകദേശം 80,068 കോടി രൂപ വരും. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ വന്ന പ്രതിസന്ധികള്‍ മൂലം ഇത് നടന്നില്ല.
ടൂറിസം, സെറികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫുഡ് പ്രോസസ്സിംഗ് എന്നിവയ്ക്കുള്ള സാധ്യതകള്‍ ഉപയോഗിച്ച് കശ്മീരിനെ ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലന്‍ഡാക്കി മാറ്റാനുള്ള ശ്രമമാണ് മോദി സര്‍ക്കാരിന്റേത്. കരകൗശല വസ്തുക്കളും മലിനീകരണമില്ലാത്ത മറ്റ് വ്യവസായങ്ങളും ഈ മേഖലയില്‍ വികസിപ്പിക്കാന്‍ കഴിയും. മേഖലയിലേക്ക് മൂലധനം ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ നിക്ഷേപ ഉച്ചകോടി നവംബറില്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിക്ഷേപത്തെക്കുറിച്ച് വ്യവസായ മേഖലയില്‍ നിന്ന് സര്‍ക്കാരിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
മേഖലയില്‍ നിക്ഷേപം നടത്താന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളോട് കേന്ദ്രം നിര്‍ദ്ദേശിച്ചേക്കാം. ജലവൈദ്യുത പദ്ധതികള്‍ക്കും, സൗരോര്‍ജ്ജം മേഖലയ്ക്കും മികച്ച അവസരമാണ് കാത്തിരിക്കുന്നത്. ജമ്മു കശ്മീരിനും ലഡാക്കിനും ഉത്തരേന്ത്യയുടെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണക്കാരാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 രണ്ട് ദിവസം മുന്‍പ് റദ്ദാക്കിയിരുന്നു. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കുകയും ചെയ്തു. ഇതനുസരിച്ച് ജമ്മുകശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്കില്‍ നിയമസഭ ഉണ്ടാവില്ല. നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും. ഇതിന് അംഗീകാരം തേടി ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചു.
പ്രമേയം അവതരിപ്പിക്കുന്നതിന് മുന്നോടിയായി കശ്മീരില്‍ കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, പീപ്പിള്‍സ് കോണ്‍ഫറന്‍സ് മേധാവി സജദ് ലോണ്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെ രാത്രിയില്‍ വീട്ടുതടങ്കലിലാക്കി. അമര്‍നാഥ് യാത്രയുള്‍പ്പെടെ നിര്‍ത്തിവച്ച് തീര്‍ഥാടകരോടും ടൂറിസ്റ്റുകളോടും സംസ്ഥാനം വിടാന്‍ നിര്‍ദേശിച്ചതും ഓഹരിവിപണിയില്‍ ആശങ്കകള്‍ക്കിടയാക്കിയിരുന്നു.