
ഡല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന് 11 ലക്ഷം കോടിയുടെ ആദായ നികുതി കുടിശ്ശികയുണ്ടെന്ന് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. മാത്രമല്ല ഈ തുകയില്‍ 10.94 ലക്ഷം കോടിയിലധികം രൂപ പലവിധ കാരണങ്ങള്‍ കൊണ്ട് തന്നെ വീണ്ടെടുക്കാന്‍ പ്രയാസമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത് ആകെ തുകയുടെ 98 ശതമാനം വരും.
ഇന്ത്യയിലെ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ആണ് നികുതി കുടിശ്ശിക അവലോകനം നടത്തിയത്. പാര്‍ലമെന്റില്‍ അടുത്തിടെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ആവശ്യങ്ങളുടെ ദീര്‍ഘകാല തീര്‍പ്പുകല്‍പ്പിക്കലും നികുതി വകുപ്പ് തിരിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലവും ചൂണ്ടിക്കാണിക്കുന്നുണ്ട്.
2013-14ല്‍ ഇത് 5.75 ലക്ഷം കോടിയായിരുന്നെങ്കില്‍ 2017-18ല്‍ ഇത് 11.14 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കണ്ടുകെട്ടാന്‍ ആസ്തികളില്ലാത്തതിനാല്‍ ഈ കുടിശ്ശിക ഭൂരിഭാഗവും വീണ്ടെടുക്കാന്‍ പ്രയാസമാണെന്ന് ഫെഡറല്‍ ഓഡിറ്റര്‍ പറഞ്ഞു. ഈ വേളയിലാണ് നികുതി വകുപ്പിന്റെ ഭരണത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയരുന്നത്.