
ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി ആര്‍ബിഐ നിര്‍ത്തി വെച്ചോ? നോട്ടിന്റെ അച്ചടി നിര്‍ത്തിയെന്നും എടിഎമ്മുകളില്‍ അവ ലഭ്യമല്ല എന്നുമുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വസ്തുത വ്യക്തമാക്കി പിഐബി ഫാക്ട് ചെക്ക് വിഭാഗം തന്നെ രംഗത്തെത്തി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 നോട്ടിന്റെ വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്. 100, 200, 500 രൂപ നോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ എടിഎമ്മുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചാരണം വാസ്തവവിരുദ്ധമാണ്. 2000 രൂപ നോട്ടുകളുടെ വിതരണം ആര്‍ബിഐ നിര്‍ത്തിവെച്ചിട്ടില്ലെന്നും പിഐബി വ്യക്തമാക്കി.
2016 ല്‍ 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച് കൊണ്ടാണ് 2000 രൂപ നോട്ടുകള്‍ അച്ചടി തുടങ്ങിയത്. എന്നാല്‍ 2018 മുതല്‍ നോട്ടിന്റെ ഉപയോഗം കുറഞ്ഞ് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം നോട്ടുകളുടെ അച്ചടി ഗണ്യമായി കുറച്ചെങ്കിലും നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സപ്തംബറില്‍ വ്യക്തമാക്കിയിരുന്നു. 2019-20 ,2020-21 വര്‍ഷത്തില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിക്കന്നതിനായുള്ള കരാറുകള്‍ തയ്യാറാക്കിയിട്ടില്ല. നോട്ടുകള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലവില്‍ യാതൊരു തിരുമാനവും കൈക്കൊണ്ടിട്ടില്ലെന്നായിരുന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചത്.
2000 നോട്ടിന്റെ പ്രചാരം ഓരോ വര്‍ഷവും കുറഞ്ഞ് വരികയാണെന്ന് നേരത്തേ ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.2020 മാര്‍ച്ച് അവസാനത്തെ കണക്കെടുക്കുമ്പോള്‍ മൊത്തം പ്രചാരത്തിലുള്ള നോട്ടുകളില്‍ 2.4 ശതമാനം മാത്രമാണ് 2000ത്തിന്റെ നോട്ടുകള്‍. കൂടുതല്‍ പേരും വലിയ പണമിടപാടുകള്‍ക്കായി ഡിജിറ്റല്‍ മാര്‍ഗം ഉപയോഗിക്കുന്നതും 2000 രൂപ നോട്ടുകള്‍ ചെറിയ ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്തതും നോട്ടുകളുടെ പ്രചാരം കുറയ്ക്കാന്‍ കാരണമായെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.