
ന്യൂഡല്‍ഹി: പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡ് ഉടമ മഞ്ജിത് സിങ് മഖ്നി വിദേശത്തേക്ക് കടന്ന് രണ്ട് വര്‍ഷത്തിന് ശേഷം, ഇയാള്‍ക്കെതിരെ വായ്പാ തട്ടിപ്പിന് സിബിഐ കേസെടുത്തു. കാനറ ബാങ്കിന്റെ നേതൃത്വത്തില്‍ ആറ് ബാങ്കുകള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 350 കോടി രൂപ വായ്പാ തട്ടിപ്പ് നടത്തിയതിനാണ് കേസ്.
മഞ്ജിത് സിങ് 2018 ന്റെ തുടക്കത്തില്‍ തന്നെ രാജ്യം വിട്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാനറ ബാങ്ക് ഛണ്ഡീഗഡ് ശാഖ ജനറല്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കേസ് നല്‍കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ബാങ്കുകളുടെ ഭാഗത്ത് നിന്ന് പരാതി നല്‍കിയിരിക്കുന്നത്.
ആന്ധ്ര ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ഐഡിബിഐ ബാങ്ക്, യുകോ ബാങ്ക് എന്നിവരാണ് കണ്‍സോര്‍ഷ്യത്തിലെ മറ്റ് അംഗങ്ങള്‍. 350.84 കോടിയുടെ വായ്പയാണ് അനുവദിച്ചത്. ഇതില്‍ 174.89 കോടിയും കാനറ ബാങ്കാണ് അനുവദിച്ചത്. ആന്ധ്ര ബാങ്ക് 53 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 44 കോടി, ഐഡിബിഐ ബാങ്ക് 14 കോടി, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് 25 കോടി, യുകോ ബാങ്ക് 41 കോടി എന്നിങ്ങനെയാണ് പണം അനുവദിച്ചത്.