
രാജ്യം വിട്ട് ഒളിവില്‍പ്പോയ വിവാദ വ്യവസായി വിജയ് മല്ല്യയുടെ പക്കല്‍ നിന്നും ഇതുവരെ 3,600 കോടി രൂപ പിടിച്ചെടുത്തതായി സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം. ഇതേസമയം, 11,000 കോടി രൂപ ഇനിയും വീണ്ടെടുക്കേണ്ടതുണ്ടെന്ന് കണ്‍സോര്‍ഷ്യം സുപ്രീം കോടതിയെ അറിയിച്ചു. തിങ്കളാഴ്ച്ച മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്ത്തഗിയാണ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായത്.
കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരെ മല്ല്യയുടെ യുണൈറ്റഡ് ബ്രിവറീസ് ഹോള്‍ഡിങ്സ് ലിമിറ്റഡ് (യുബിഎച്ച്എല്‍) നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി തള്ളി. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ കുടിശ്ശിക വീണ്ടെടുക്കാന്‍ യുണൈറ്റഡ് ബ്രിവറീസ് അടച്ചുപൂട്ടിച്ച നടപടി കര്‍ണാടക ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്. ഇതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കമ്പനിയുടെ വസ്തുക്കള്‍ അറ്റാച്ച് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് രോഹ്ത്തഗി കോടതിയില്‍ വാദിച്ചു. കാരണം ബാങ്കുകള്‍ക്കാണ് ആസ്തിയുടെ കാര്യത്തില്‍ ആദ്യത്തെ അവകാശവാദമെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ സാമ്പത്തിക തട്ടിപ്പുകളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച വിജയ് മല്ല്യയെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. പ്രവര്‍ത്തനം നിര്‍ത്തിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും ഇദ്ദേഹം വായ്പയെടുക്കുകയായിരുന്നു. പിന്നീട് വായ്പാ തിരിച്ചടവുകള്‍ മല്ല്യ മുടക്കി. 2016 -ല്‍ ഇദ്ദേഹം യുകെയിലേക്ക് കടന്നു. 2019 ജനുവരിയിലാണ് പ്രത്യേക കള്ളപ്പണം തടയല്‍ നിയമം പ്രകാരം കോടതി വിജയ് മല്ല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്.
ഒളിച്ചോടിയ 'മദ്യരാജാവ്' മല്ല്യയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള കൈമാറല്‍ ഉത്തരവ് ഇനിയും പ്രാബല്യത്തില്‍ വന്നിട്ടില്ലെന്ന് കേന്ദ്രം മുന്‍പ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതേസമയം, നടപടി വൈകിപ്പിക്കാന്‍ എന്തെങ്കിലും രഹസ്യനീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടോയെന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിക്കുകയുണ്ടായി. നേരത്തെ, കൈമാറല്‍ വൈകിപ്പിക്കാന്‍ എന്തു രഹസ്യനീക്കമാണ് നടത്തുന്നതെന്ന് യുയു ലളിത്, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് മല്ല്യയുടെ അഭിഭാഷകനോട് ചോദിച്ചിരുന്നു. യുകെ കോടതിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നിയമതടസ്സങ്ങളാണ് കൈമാറല്‍ വൈകിപ്പിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പിന്നീട് വിദശീകരണം നല്‍കി.