
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയിലൂടെ 2.97 മില്യണ്‍ കര്‍ഷകര്‍ക്ക് 5.940 കോടി രൂപ വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. പദ്ധതിയുടെ ആദ്യ ഗഡുവായി 2000 കോടി രൂപ ഒാരോ കര്‍ഷകന്റെയും അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഇത് വലിയ നേട്ടമായിട്ടാണ് അവതരിപ്പിക്കുന്നത്. കര്‍ഷക ആത്മഹത്യകളും, കര്‍ഷക സമരങ്ങളും ശക്തിപ്പെടുന്ന സാഹചര്യം രാജ്യത്തുണ്ടായിരുന്നു. ഇതിനെയെല്ലാം അതിജീവിക്കാന്‍ ജീവിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് വിതരണം ചെയ്ത തുകയുടെ കണക്കുകള്‍ പുറത്തുവിട്ടത്.
ഏറ്റവുമധികം തുക വിതരണം ചെയ്തത് ഉത്തര്‍പ്രദേശിലാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്. 11.1 മില്യണ്‍ കര്‍ഷകര്‍ക്ക് 2,220 കോടി രൂപയാണ് വിതരണം ചെയ്തത്. ഏറ്റവും കുറവ് മഹാരാഷ്ട്രയിലുമാണ്. മഹാരാഷ്ട്രയില്‍ 1.7 മില്യണ്‍ കര്‍ഷകര്‍ക്ക് 3.4 കോടി രൂപ വിതരണം ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത തുകയുടെ കണക്കുകള്‍ ഇങ്ങനെയാണ്. ആന്ധ്രാ പ്രദേശ് 3.3 മില്യണ്‍ കര്‍ഷകര്‍ക്ക് 660 കോടി, തമിള്‍നാട് 1.93 മില്യണ്‍ കര്‍ഷകര്‍ക്ക് ( 386 കോടി രൂപ), തെലങ്കാന 1.87 മില്യണ്‍ കര്‍ഷകര്‍ക്ക് (374 കോടി രൂപ).
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് യുപിയില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ തുക വിതരണം ചെയ്തത്. രാജ്യത്ത് ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. രാജ്യത്തെ പ്രധാനപ്പെട്ട പാര്‍ട്ടികളെല്ലാം ഇപ്പോള്‍ യുപിയില്‍ വലിയ രാഷ്ട്രീയ ലക്ഷ്യമാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കിസാന്‍ പദ്ധതിയിലൂടെ യുപിയിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ തുക വിതരണം ചെയ്തത്.