
ലോകത്തെ ഏറ്റവും വലിയ പദ്ധതിയെന്ന് വിശേഷിപ്പിച്ച് മിനിമം വേതനം എല്ലാവര്‍ക്കും ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഇതോടെ രാജ്യത്ത് എല്ലാവര്‍ക്കും ആറായിരം രൂപമുതല്‍ 12000 രൂപവരെ ഓരോ മാസവും അക്കൗണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുമെന്ന വലിയ പ്രഖ്യാപനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. മാസം 12,000 രൂപ മിനിമം വേതനം ഉറപ്പുവരുത്തുമെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കി.
20 ശതമാനം വരുന്ന ദരിദ്ര വിഭാഗങ്ങള്‍ക്ക് 72000 രൂപ വര്‍ഷം ബാങ്ക് അക്കൗണ്ടില്‍ ഇട്ടുകൊടുക്കുമെന്നതാണ് അടുത്ത പ്രഖ്യാപനം. ജനങ്ങള്‍ക്ക് വര്‍ഷം ഇത്രയും പണം കിട്ടും. അധികാരത്തില്‍ എത്തിയാല്‍ വളരെ വേഗം തന്നെ പദ്ധതി നടപ്പാക്കും. രാജ്യത്തിലെ യുവാക്കള്‍ക്കും പാവങ്ങള്‍ക്കുമെല്ലാം വളരെ ആശ്വാസമാകുന്ന പദ്ധതിയാകും ഇതെന്നും മിനിമം കൂലി എല്ലാവര്‍ക്കും ഉറപ്പാക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം രാഹുല്‍തന്നെ നേരിട്ടെത്തി അവതരിപ്പിക്കുകയായിരുന്നു.
അഞ്ച് കോടി കുടുംബങ്ങള്‍ക്കും 25 കോടി ജനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് ഇതെന്നും വ്യക്തമാക്കിയതോടെ കൂടുതല്‍ ആധികാരികതയോടെ ഇത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഇത്തരത്തില്‍ കള്ളപ്പണം പിടിക്കുമെന്നും 15 ലക്ഷം വീതം എല്ലാവരുടേയും അക്കൗണ്ടില്‍ എത്തുമെന്നും ആയിരുന്നു ബിജെപിയുടെ പ്രഖ്യാപനം. മോദിയുടെ പ്രഖ്യാപനം പക്ഷേ, പാഴായി എന്ന് തിരിച്ചടിച്ചുകൊണ്ടാണ് നടപ്പിലാകുന്ന പദ്ധതി എന്ന നിലയില്‍ തന്നെ കോണ്‍ഗ്രസ് ഇക്കാര്യം അവതരിപ്പിക്കുന്നത്.