
കൊച്ചി: കോവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പല യൂറോപ്യന്‍ രാജ്യങ്ങളും വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന്റെ കാര്യത്തില്‍ ആശങ്കയുണര്‍ത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സ്വാഭാവിക റബറിന്റെ ഡിമാന്റ് കുറയാനിടയുണ്ടെന്ന ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി റിസര്‍ച്ച് അനലിസ്റ്റ് അനു വി പൈ പറഞ്ഞു.
ക്രൂഡോയില്‍ വിലയിലുണ്ടായ വ്യതിയാനവും വിപണിയെ ബാധിച്ചു. റബര്‍ വിലയിലെ ഇപ്പോഴത്തെ ഇടിവ് നീണ്ടു പോകാനാണിട. വിതരണത്തിലുണ്ടാകാവുന്ന കുറവ് വരും ദിനങ്ങളില്‍ വിലയെ താങ്ങുകയും നഷ്ടം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തേക്കാം. ഇന്ത്യന്‍ വിപണിയില്‍ സ്വാഭാവിക റബറിന്റെ വില കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും ഉയരത്തിലായിരുന്നു പോയവാരം.
കോട്ടയം മാര്‍ക്കറ്റില്‍ ആര്‍എസ്എസ് 4 റബറിന് കിലോയ്ക്ക് 171 രൂപ വരെ എത്തി. ഉല്‍പാദനം കുറഞ്ഞ ഈ ഘട്ടത്തില്‍ ഡിമാന്റിലുണ്ടായ വര്‍ധനയും അതിനനുസരിച്ച് വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യവുമാണ് സ്വാഭാവിക റബറിന്റെ വിലയെ താങ്ങി നിര്‍ത്തിയത്. എന്നാല്‍ വിദേശ വിപണികളില്‍ സ്വാഭാവിക റബറിനുണ്ടായ വിലക്കുറവ് നമ്മുടെ വിപണിയെ ബാധിച്ചിട്ടുണ്ട്.