രാജ്യത്ത് റബ്ബര്‍ വില 8 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

August 19, 2021 |
|
News

                  രാജ്യത്ത് റബ്ബര്‍ വില 8 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കോട്ടയം: രാജ്യത്ത് റബ്ബര്‍ വില 8 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ബുധനാഴ്ച ആര്‍എസ്എസ്-4 ഇനത്തിന്റെ വില കിലോയ്ക്ക് 178.50 രൂപയാണ്. 2013 ജൂലായില്‍ 196 രൂപ വരെ വിലയെത്തിയ ശേഷം വില താഴേക്കുപോകുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു വില ഇത്രയും ഉയരുന്നത്.

ഇപ്പോഴത്തെ പ്രവണതയനുസരിച്ച് 180-185 രൂപ വരെ വിലയെത്തിയേക്കാമെന്നാണു കരുതുന്നത്. മഴക്കാലമായതിനാല്‍ ടാപ്പിങ് കുറവാണ്. അതുകൊണ്ടുതന്നെ വിപണിയില്‍ റബ്ബര്‍ എത്താത്തതും വില കൂടാന്‍ കാരണമായിട്ടുണ്ട്. ഇനിയും വില കൂടുമെന്ന് കരുതി കൈയിലുള്ള റബ്ബര്‍ വില്‍ക്കാതെ സൂക്ഷിക്കുന്ന കര്‍ഷകരുമുണ്ട്.

സര്‍ക്കാര്‍ 170 രൂപ തറവില പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കര്‍ഷകര്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചതാണ് ഇതിനുകാരണം. ഇപ്പോഴത്തെ സ്ഥിതിയില്‍ വിപണി വിലസ്ഥിരതയില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റബ്ബര്‍പ്പാലിനും 180 രൂപയോളം വിലയുണ്ട്. ഇപ്പോള്‍ പാല്‍ വില്‍ക്കുന്നവരുടെ എണ്ണവും കൂടുകയാണ്. വിവിധ കാരണങ്ങളാല്‍ ഇറക്കുമതി കുറഞ്ഞതും നാട്ടിലെ വില കൂടാന്‍ കാരണമായി.

അന്താരാഷ്ട്രവില കണക്കാക്കുന്ന ബാങ്കോക്കില്‍ ബുധനാഴ്ച ആര്‍എസ്എസ്-3 ഇനത്തിന് (നാട്ടിലെ ആര്‍എസ്എസ്-4 നു തുല്യം) 143.37 രൂപയാണ്. വ്യവസായികള്‍ സാധാരണ ബ്ലോക്ക് റബ്ബറാണ് ഇറക്കുമതി ചെയ്യുന്നതെങ്കിലും കടത്തുകൂലിയും 25 ശതമാനം ഇറക്കുമതിത്തീരുവയും നല്‍കണം. കണ്ടെയ്നര്‍ ക്ഷാമം മൂലം കൃത്യമായി നടക്കണമെന്നുമില്ല. നാട്ടില്‍ നിന്ന് ചെറിയ തോതിലെങ്കിലും ഇപ്പോഴവര്‍ റബ്ബര്‍ വാങ്ങുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved