
കോട്ടയം: അന്താരാഷ്ട്ര വിപണിയില്‍ റബ്ബര്‍ വില ഉയരുന്നതിന്റെ പ്രതിഫലനം കേരള വിപണിയിലും. ഒരു വര്‍ഷത്തിന് ശേഷം റബ്ബര്‍ വില കിലോഗ്രാമിന് 150 രൂപയില്‍ എത്തി. ആര്‍എസ്എസ്- 4 റബ്ബറിനാണ് വില ഇത്രയും എത്തിയത്. ചെറുകിട വ്യാപാരികളില്‍ നിന്ന് ഈ വിലയ്ക്കാണ് കഴിഞ്ഞ ദിവസം വന്‍കിട വ്യാപാരികള്‍ ആര്‍എസ്എസ്-4 റബ്ബര്‍ വാങ്ങിയത്. വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ സാധാരണ കര്‍ഷകര്‍ക്കും ഇതേ വില തന്നെ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റബ്ബര്‍ വില ഉയരാനാണ് സാധ്യത എന്നാണ് വിലയിരുത്തുന്നത്.
അന്താരാഷ്ട്ര വിപണിയിലും റബ്ബര്‍ വില കുതിച്ചുയരുകയാണ്. പല കാരണങ്ങള്‍ കൊണ്ടാണ് ഇപ്പോഴത്തെ വിലക്കയറ്റം. ഉത്പാദനം കുറഞ്ഞത് വില കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ആഭ്യന്തരമായി റബ്ബര്‍ ഉപയോഗം കൂടിയിട്ടുണ്ട് എന്നാണ് കണക്കുകള്‍. എന്നാല്‍ ആഭ്യന്തര ടയര്‍ കമ്പനികള്‍ റബ്ബര്‍ വാങ്ങാന്‍ തയ്യാറാകുന്നതിന് അനുസരിച്ചായിരിക്കും കര്‍ഷകര്‍ക്കുണ്ടാകുന്ന നേട്ടം. വിപണിയുടെ പോക്ക് എങ്ങോട്ടാണെന്ന് നിരീക്ഷിക്കുകയാണ് ടയര്‍ കമ്പനികളും.
ലോകം മുഴുവന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ചൈന സാമ്പത്തിക വളര്‍ച്ച നേടിയിട്ടുണ്ട്. ഇത് അവിടത്തെ ഓട്ടോമൊബൈല്‍ വിപണിയേയും ഉത്തേജിപ്പിച്ചു. അന്താരാഷ്ട്ര വിപണിയില്‍ വില കൂടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ചൈനയില്‍ റബ്ബറിന് ഡിമാന്‍ഡ് കൂടിയതാണ്. റബ്ബറിന് നല്ല വില കിട്ടുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് അതിന്റെ ഗുണഫലം ലഭിക്കുന്നില്ല എന്നൊരു പ്രശ്നം കേരളത്തിലുണ്ട്. മഴ കാരണം ടാപ്പിങ് നടത്താന്‍ ബുദ്ധിമുട്ടാകുന്നതാണ് പ്രശ്നം.
വലിയ തോതില്‍ റബ്ബര്‍ ഉത്പാദിപ്പിക്കുന്ന തായ്ലാന്‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളില്‍ കനത്ത മഴ സൃഷ്ടിച്ച നാശം ആണ് അന്താരാഷ്ട്ര വിപണിയില്‍ റബ്ബറിന്റെ ലഭ്യത കുറച്ചത്. ബാങ്കോക്ക് വിപണിയില്‍ ആയിരുന്നു ആദ്യം റബ്ബര്‍ വില കുതിച്ചുയര്‍ന്നത്. ഒക്ടോബര്‍ മാസത്തില്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. വില 156 രൂപ വരെ എത്തിയിരുന്നു.
കേരളത്തില്‍ ഒക്ടോബര്‍ 20 ന് റബ്ബര്‍ വില (ആര്‍എസ്എസ്- 4) 140 രൂപ ആയിരുന്നു. മൂന്ന് ദിവസം കൊണ്ട് ഇത് 150 എത്തുകയും ചെയ്തു. റബ്ബറിന് അടിസ്ഥാന വിലയായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക കിലോഗ്രാമിന് 150 രൂപയാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് കര്‍ഷകര്‍ക്ക് ആശ്വാസ പക്കേജ് നല്‍കാറുള്ളത്. വിലസ്ഥിരതാ ഫണ്ടില്‍ നിന്നാണ് വിപണി വിലയും അടിസ്ഥാന വിലയും തമ്മിലുള്ള അന്തരം കണക്കാക്കി കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നത്.