രൂപ-ഡോളര്‍ പോരാട്ടത്തില്‍ ശക്തമായ ചാഞ്ചാട്ടം; വിനിമയ നിരക്ക് 73.94

October 27, 2020 |
|
News

                  രൂപ-ഡോളര്‍ പോരാട്ടത്തില്‍ ശക്തമായ ചാഞ്ചാട്ടം; വിനിമയ നിരക്ക് 73.94

ഡോളറുമായുള്ള 'പോരാട്ടത്തില്‍' ഇന്ത്യന്‍ രൂപയ്ക്ക് ക്ഷീണം. ഇന്ന് 10 പൈസ കുറഞ്ഞ് 73.94 എന്ന നിലയിലാണ് രൂപയും ഡോളറും തമ്മിലെ വിനിമയ നിരക്ക്. ഇന്നലെ 23 പൈസ കുറഞ്ഞ് 73.84 എന്ന നിലയിലെത്തിയിരുന്നു. സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ തളര്‍ച്ചയില്‍ തുടര്‍ന്നതും ആഗോള വിപണിയില്‍ ഡോളര്‍ ശക്തി പ്രാപിച്ചതും രൂപയുടെ മൂല്യം ഇടിയാനുള്ള കാരണമായി.

ഇന്നലെ ഫോറക്സ് വിപണിയില്‍ 73.77 എന്ന നിലയിലാണ് തുടക്കത്തില്‍ ഡോളറിന് മുന്നില്‍ രൂപ നിലകൊണ്ടത്. എന്നാല്‍ പിന്നീടുള്ള സെഷനില്‍ രൂപയുടെ മൂല്യം തളര്‍ന്നു. ഒടുവില്‍ ഡോളറിനെതിരെ 73.84 എന്ന നിലയില്‍ രൂപ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ സെഷനില്‍ 73.61 എന്ന നിലയ്ക്കാണ് ഫോറക്സ് വിപണിയിലെ ഇടപാട് രൂപ പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ച്ച ഇന്ത്യന്‍ രൂപ 73.69 എന്ന നിലവരെ കയ്യടക്കുകയുണ്ടായി. ഒരുഘട്ടത്തില്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 73.88 എന്ന നിലയിലേക്ക് വീഴുന്നതും വിപണി കണ്ടു. മറുഭാഗത്ത് ഡോളര്‍ സൂചിക ലോകത്തെ മറ്റു പ്രമുഖ കറന്‍സികള്‍ക്ക് മുന്നില്‍ ശക്തി പ്രാപിച്ചു. 0.25 ശതമാനം വര്‍ധനവോടെ 93.00 എന്ന നിലയിലാണ് ഡോളര്‍ സൂചിക തുടരുന്നത്.

ഓഹരി വിപണിയുടെ കാര്യമെടുത്താല്‍ ബിഎസ്ഇ സൂചിക അടിസ്ഥാനപ്പെടുത്തുന്ന സെന്‍സെക്സ് പട്ടിക 540 പോയിന്റ് നഷ്ടത്തില്‍ 40,145.50 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിശാലമായ എന്‍സ്ഇ നിഫ്റ്റി സൂചിക 162.60 പോയിന്റ് ഇടിഞ്ഞ് 11,767.80 എന്ന നിലയിലും കച്ചവടം മതിയാക്കി. തിങ്കളാഴ്ച്ച 986 ഓഹരികള്‍ ലാഭത്തില്‍ വ്യാപരം ചെയ്തു. 1,655 ഓഹരികള്‍ നഷ്ടത്തിലും. 171 ഓഹരികളില്‍ മാറ്റമുണ്ടായില്ല. ഹീറോ മോട്ടോകോര്‍പ്പ്, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ കമ്പനികളാണ് നഷ്ടം നേരിട്ടവരില്‍ പ്രമുഖര്‍. എച്ച്ഡിഎഫ്സി ലൈഫ്, നെസ്ലെ, കൊട്ടാക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി എന്നിവര്‍ ലാഭം കൊയ്തു. ഇതേസമയം, മേഖലാ സൂചികകളെല്ലാം നഷ്ടത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. നിഫ്റ്റി ഓട്ടോ, മെറ്റല്‍ സൂചികകള്‍ 3 ശതമാനത്തിലേറെ തകര്‍ച്ച നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.9 മുതല്‍ 1.8 ശതാനം വരെ വീണു.

Related Articles

© 2025 Financial Views. All Rights Reserved