
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്കു പതിച്ച് 76 നിലവാരത്തിലായി. കഴിഞ്ഞദിവസം 75.58 നിലവാരത്തിലായിരുന്നു ക്ലോസിങ്. ഓഹരി വിപണി കനത്ത വില്പന സമ്മര്‍ദം നേരിട്ടതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഈ വര്‍ഷം നേരത്തെ 76.91 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം താഴ്ന്നിരുന്നു. ഈ വര്‍ഷം ഇതുവരെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6.5 ശതമാനം ഇടിഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് നിക്ഷേപകരില്‍ ആത്മവിശ്വാസമുണ്ടാക്കാതെ പോയതാണ് വിപണിയെ ബാധിച്ചത്. കോവിഡ് വ്യാപനംമൂലം അടച്ചിടല്‍ രണ്ടാഴ്ചകൂടി നീട്ടിയതും സൂചികകളുടെ കരുത്ത് ചോര്‍ത്തി.
സെന്‍സെക്സില്‍ ആയിരത്തോളം പോയന്റാണ് നഷ്ടമായത്. മൂലധന വിപണിയില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ മൊത്തം വില്‍പ്പന നടത്തിയിരുന്നു. വെള്ളിയാഴ്ച മാത്രം 1,388.04 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്.