
മുംബൈ: ഓഹരി വിപണി കനത്ത നഷ്ടത്തിലായതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കായ 75.58നെ അപേക്ഷിച്ച് രാവിലെ മൂല്യം 76.10 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജ്യത്ത ഓഹരി സൂചികകള്‍ നഷ്ടത്തിലായത്. സെന്‍സെക്സ് 800 ഓളം പോയിന്റ് താഴെപ്പോയി. യുഎസ് സൂചികകള്‍ അഞ്ചു ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
മൂലധന വിപണിയില്‍ വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 805.14 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ലോകമൊട്ടാകെ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഏപ്രിലിലെ വ്യവസായോത്പാദന കണക്കുകളും പണപ്പെരുപ്പ നിരക്കുകളും വെള്ളിയാഴ്ച വൈകീട്ട് പുറത്തുവിടും.