
മുംബൈ: ഇന്ത്യന്‍ കറന്‍സി യുഎസ് ഡോളറിനെതിരെ അടുത്ത വര്‍ഷം മികച്ച പ്രകടനം നടത്തുമെന്ന് റിപ്പോര്‍ട്ട്. മോട്ടിലാല്‍ ഓസ്വാള്‍ പുറത്തുവിട്ട 'ഇക്കോസ്‌കോപ്പ് - ഇന്ത്യസ് ക്വാര്‍ട്ടര്‍ലി ഇക്കണോമിക് ഔട്ട്ലുക്ക്' റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. അടുത്തിടെ വന്ന റിപ്പോര്‍ട്ട് അനുസരിച്ച്, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 13 വര്‍ഷത്തിനുള്ളിലെ ആദ്യത്തെ ത്രൈമാസ കറന്റ് അക്കൗണ്ട് മിച്ചം രേഖപ്പെടുത്തുകയും 17 വര്‍ഷത്തിനുള്ളിലെ ആദ്യത്തെ വാര്‍ഷിക മിച്ചം രേഖപ്പെടുത്തുകയും ചെയ്യും.
ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ കുത്തനെ ചുരുങ്ങല്‍, കമ്മോഡിറ്റി (എണ്ണ, എണ്ണ ഇതര) നിരക്കിലുണ്ടായ ഇടിവ്, ശക്തമായ മൂലധന ഒഴുക്ക് എന്നിവയുടെ ഫലമായിട്ടായിരിക്കും ഇത് സംഭവിക്കുക. 2021 കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) വളര്‍ച്ച മെച്ചപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ഡോളറിനെതിരെ 3.1 ശതമാനം ഇന്ത്യന്‍ രൂപ ദുര്‍ബലമായി.
കറന്റ് അക്കൗണ്ട് ബാലന്‍സിന് പകരം ആഭ്യന്തര നാണയത്തിന്റെ മൂല്യം ഫോറെക്‌സ് റിസര്‍വിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതനുസരിച്ച്, 2020 കലണ്ടര്‍ വര്‍ഷത്തില്‍ ദുര്‍ബലമായ രൂപ, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് ഡോളറിനെതിരെ 1.3 ശതമാനവും, ശരാശരി 73.5 എന്ന നിലയിലും ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തിലെ ശരാശരി 74.4 നെ അപേക്ഷിച്ച് മികച്ച മുന്നേറ്റമാണിത്.
കറന്റ് അക്കൗണ്ട് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നാമമാത്ര കമ്മിയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, വിദേശനാണ്യ കരുതല്‍ ധനത്തിലേക്കുള്ള തുടര്‍ച്ചയായ വര്‍ദ്ധനവ് അമേരിക്കന്‍ കറന്‍സിക്കെതിരെ ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ രൂപയെ സഹായിക്കും. മാത്രമല്ല, യുഎസ് ഡോളറിന് അതിന്റെ ഇടിവ് മാറ്റാന്‍ കഴിയുമെങ്കിലും, രൂപയ്ക്ക് ഗുരുതരമായ ദൗര്‍ബല്യം ഉണ്ടാക്കാന്‍ അതിന് കഴിയില്ലെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.