
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് വീണ്ടും ഇടര്‍ച്ച. ചൊവാഴ്ച്ച വ്യാപാരത്തില്‍ നാലു പൈസ നഷ്ടത്തിലാണ് രൂപയുടെ തുടക്കം. ആഗോള വിപണിയില്‍ ഡോളര്‍ ശക്തി പ്രാപിച്ചതും ഇന്ത്യന്‍ ഓഹരികള്‍ വ്യാപാരം പതിയെ ആരംഭിച്ചതും വിനിമയനിരക്കില്‍ രൂപയ്ക്ക് തിരിച്ചടിയായി. ഫോറക്സ് വിപണിയില്‍ ഡോളറിനെതിരെ 73.42 എന്ന നിലയില്‍ തുടങ്ങിയ രൂപ പിന്നീട് 73.44 എന്ന നിലയിലേക്ക് വീണു.
തിങ്കളാഴ്ച്ച അമേരിക്കന്‍ ഡോളറിനെതിരെ 73.40 എന്ന നിലയിലാണ് രൂപ വ്യാപാരം പൂര്‍ത്തിയാക്കിയത്. വരുംദിവസങ്ങളിലും രൂപയടക്കമുള്ള ദുര്‍ബല ഏഷ്യന്‍ നാണയങ്ങള്‍ നഷ്ടം രേഖപ്പെടുത്തുമെന്ന് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നു. എന്നാല്‍ ആഭ്യന്തര ഓഹരി സൂചികകളില്‍ വിദേശ നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ രൂപയുടെ തകര്‍ച്ച പരിമിതപ്പെടാം.
ഒരിടവേളയ്ക്ക് ശേഷം ഡോളര്‍ ശക്തി പ്രാപിക്കുന്നതാണ് രാജ്യാന്തര വിപണിയിലെ കാഴ്ച്ച. സുപ്രധാന ആറ് നാണയങ്ങള്‍ക്കെതിരെ വളര്‍ച്ച കുറിക്കാന്‍ ഡോളറിന് സാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച 0.12 ശതമാനം ഉയര്‍ന്ന് 90.57 എന്ന നിലയിലാണ് ഡോളര്‍ സൂചിക ഇടപാടുകള്‍ പൂര്‍ത്തിയാക്കിയത്. അമേരിക്ക പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജ് ഡോളറിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്നുണ്ട്. ചെവാഴ്ച്ച ഏഷ്യന്‍ വ്യാപാരത്തില്‍ യൂറോ, സ്റ്റെര്‍ലിങ്, യെന്‍ നാണയങ്ങള്‍ ഡോളറിനെതിരെ താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ കാര്യമെടുത്താല്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 81.23 പോയിന്റ് നഷ്ടത്തില്‍ 49,188.09 -ത്തില്‍ വ്യാപാരം തുടങ്ങി. വിശാല എന്‍എസ്ഇ നിഫ്റ്റി സൂചികയാകട്ടെ, 0.05 പോയിന്റ് വര്‍ധിച്ച് 14,484.80 എന്ന നിലയിലാണ് ദിനത്തിന് തുടക്കമിട്ടതും.
തിങ്കളാഴ്ച്ച വിദേശ നിക്ഷേപകരാണ് ഓഹരി വിപണിയില്‍ കാര്യമായ വ്യാപാരം നടത്തിയത്. വിദേശ നിക്ഷേപകര്‍ 3.138.90 കോടി രൂപയുടെ ഓഹരികള്‍ കയ്യടക്കുന്നത് വിപണി കണ്ടു. എണ്ണവിലയിലും ചാഞ്ചാട്ടം തുടരുകയാണ്. തിങ്കളാഴ്ച്ച ബ്രെന്‍ഡ് ക്രൂഡ് ഫ്യൂച്ചറുകള്‍ 0.13 ശതമാനം നഷ്ടത്തില്‍ ബാരലിന് 55.59 ഡോളറാണ് വില രേഖപ്പെടുത്തിയത്.