തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ; ഇന്നും മൂല്യമിടിഞ്ഞു

May 12, 2022 |
|
News

                  തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ; ഇന്നും മൂല്യമിടിഞ്ഞു

തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ. ഇന്ന് വീണ്ടും രൂപയുടെ വിനിമയ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തി. മുന്‍ ദിവസത്തെ ക്ലോസിങ് നിരക്കായ 77.23 നെ അപേക്ഷിച്ച് ഡോളറിനെതിരെ രൂപയുടെ മൂല്യം 77.59 ആയി ആണ് കുറഞ്ഞത്. ഡോളര്‍ കരുത്താര്‍ജിച്ചത് ആഗോള ഓഹരി വിപണിയിലും പുതിയ ഇടിവുണ്ടാക്കി. ഇന്ത്യന്‍ വിപണികള്‍ രാവിലത്തെ ട്രേഡിങ് സെഷനില്‍ 1.8 ശതമാനത്തിലധികം ഇടിഞ്ഞു.

രൂപയുടെ മൂല്യമിടിവില്‍ ഏറ്റവുമധികം നേട്ടം നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്കാണ്. ഡോളറിന് പിന്നാലെ പൗണ്ട്, യൂറോ എന്നിവയും നേട്ടത്തിലായി. 94.61 രൂപയിലാണ് പൗണ്ടിന്റെ വിനിമയം. രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികള്‍ക്കും നേട്ടം. 21.12 രൂപയായി ദിര്‍ഹം ഉയര്‍ന്നെങ്കില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത് കുവൈറ്റി ദിനാറാണ്. ഒരു കുവൈറ്റി ദിനാറിന് 252.83 രൂപയായി. രൂപയുടെ മൂല്യം ഇടിവ് മറ്റ് കറന്‍സി വിനിമയത്തിലും പ്രതിഫലിച്ചിട്ടുണ്ട്.

ഉയരുന്ന പണപ്പെരുപ്പത്തിന് തടയിടാന്‍ കേന്ദ്ര ബാങ്ക് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത് തുടര്‍ന്നേക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ജൂണ്‍ മാസത്തെ പണനയ യോഗത്തില്‍ ആര്‍ബിഐ പണപ്പെരുപ്പം സമ്പന്ധിച്ച അനുമാനത്തില്‍ മാറ്റം വരുത്തിയേക്കും. ഇത് ആഗസ്റ്റിലും കൂടുതല്‍ പലിശ നിരക്ക് വര്‍ദ്ധനയ്ക്ക് കളമൊരുക്കിയേക്കുമെന്നാണ് സൂചന.

രൂപയുടെ വിനിമയ മൂല്യം കൂടുതല്‍ ഇടിയാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആര്‍ബിഐയുടെ നിരീക്ഷണ പ്രകാരം, രൂപയുടെ അഞ്ച് ശതമാനം മൂല്യത്തകര്‍ച്ച പണപ്പെരുപ്പത്തില്‍ 10-15 ബേസിസ് പോയിന്റുകള്‍ വരെ വര്‍ധന വരുത്തും. പണപ്പെരുപ്പം ഇപ്പോള്‍ തന്നെ ഉയര്‍ന്ന നിരക്കിലാണ് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, പണപ്പെരുപ്പത്തെ നേരിടാന്‍ പലിശ നിരക്ക് വര്‍ധിപ്പിക്കാതെ ആര്‍ബിഐക്ക്, മുന്നോട്ട് പോകാന്‍ ആകില്ല. ഇന്ത്യന്‍ രൂപയെ സംബന്ധിച്ചിടത്തോളം നിലവിലെ സ്ഥിതി അത്ര നല്ലതല്ലെന്ന് നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞേക്കാം.

Related Articles

© 2025 Financial Views. All Rights Reserved