
ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് രാജ്യത്തെ ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ഉയരാന്‍ തുടങ്ങി. ജൂലൈ 19 ന് അവസാനിച്ച ആഴ്ചയില്‍ ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് 7.1 ശതമാനമായി ഉയര്‍ന്നു. മുന്‍ ആഴ്ചയില്‍ ഇത് 6.34 ശതമാനമായിരുന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) യുടെ പുതിയ കണക്കുകള്‍ വിശദമാക്കുന്നു.
മാര്‍ച്ച് 25 ന് ഇന്ത്യ ലോക്ക്ഡൗണിലേക്ക് പോകുന്നതിന് മുമ്പുള്ള ആഴ്ചയിലെ കണക്കിന് താഴെയാണിത്. എന്നാല്‍, വരും ആഴ്ചകളില്‍ ഇത് ക്രമാനുഗതമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. ജൂലൈയില്‍ തൊഴിലവസരങ്ങള്‍ വളരെയധികം വര്‍ദ്ധിക്കാത്തതുമൂലം വരും ആഴ്ചകളില്‍ ഈ നിരക്ക് ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ജൂലൈ 19 ന് അവസാനിച്ച ആഴ്ചയില്‍ ദേശീയ തൊഴിലില്ലായ്മ 7.94 ശതമാനമായി ഉയര്‍ന്നതായി സിഎംഐഇയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച ഇത് 7.44 ശതമാനമായിരുന്നു. നഗര മേഖലകളിലെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രാജ്യത്തിന് വലിയ ആശങ്കയായി തുടരുകയാണെന്ന് സിഎംഐഇ ചൂണ്ടിക്കാണിക്കുന്നു.
നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 9.92 ശതമാനത്തില്‍ നിന്ന് 9.78 ശതമാനമായി കുറഞ്ഞു. എന്നാല്‍, ഇപ്പോഴും തുടരുന്ന ഉയര്‍ന്ന നില രാജ്യത്തെ ധനകാര്യ മേഖലയ്ക്ക് അപകടരമായ ഒന്നാണ്. സിഎംഐഇയുടെ അഭിപ്രായത്തില്‍, നിലവിലുള്ള ബിസിനസ്സ് അന്തരീക്ഷത്തെ നേരിട്ട് സ്വാധീനിക്കുന്ന, ഔപചാരിക മേഖലയിലെ തൊഴില്‍ മേഖലയിലെ പ്രതിസന്ധിയാണിതിന് പ്രധാന കാരണം. ഇത് വളരെ സാവധാനത്തില്‍ മെച്ചപ്പെടുന്നതായും അവര്‍ വ്യക്തമാക്കുന്നു.
അടുത്ത രണ്ട് മാസങ്ങളില്‍ ഗ്രാമീണ മേഖലയിലും നഗര പോക്കറ്റുകളിലുമുളള തൊഴില്‍ വിപണി കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത്. ഗ്രാമീണ ഇന്ത്യയില്‍ വിതയ്ക്കുന്ന കാലം അവസാനിക്കുകയാണ്. ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മണ്‍സൂണ്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെണ്ടെങ്കിലും, പ്രകൃതിദുരന്തങ്ങളായ വെള്ളപ്പൊക്കം പോലെയുളളവ ആശങ്കയാണ്. ഇത്തരത്തിലൊരു സാഹചര്യം ഉണ്ടായാല്‍ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും സ്വയം തൊഴില്‍ മാര്‍ഗങ്ങള്‍ ഭാഗികമായി പരിമിതപ്പെടുകയും ചെയ്യും.
കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഇടയ്ക്കിടെയുള്ള ലോക്ക്ഡൗണുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന നഗരപ്രദേശങ്ങളില്‍, ബിസിനസുകളുടെ വേഗത്തിലുള്ള വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ തടസ്സം സൃഷ്ടിക്കുന്നു. ഇത് തൊഴില്‍ വിപണിയുടെ വലിയ തകര്‍ച്ചയ്ക്ക് ഇടയാക്കുന്നുണ്ട്, റിപ്പോര്‍ട്ട് പറയുന്നു.