
സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിന്റെ ഫലമായി ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 6.34 ശതമാനമായി കുറഞ്ഞുവെന്ന് സെന്റര്‍ ഓഫ് മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ). നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. തൊഴിലില്ലായ്മ നിരക്ക് കുറയുന്നത് ഗ്രാമീണ മേഖലയില്‍ വലിയ നേട്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
സിഎംഐഇ നല്‍കുന്ന കണക്കുകള്‍ പ്രകാരം ജൂലൈ 12-ന് അവസാനിച്ച ആഴ്ചയില്‍ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 6.34 ശതമാനമാണ്. മാര്‍ച്ച് 15-ന് അവസാനിച്ച ആഴ്ചയില്‍ സിഎംഐഇ രേഖപ്പെടുത്തിയത് പ്രകാരം ഇത് 6.07 ശതമാനമായിരുന്നു. മാര്‍ച്ചിലെ ഈ നിരക്കിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് നിലവിലെ 6.34 ശതമാനം. അതായത് കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്കില്‍ രാജ്യം തിരികെ എത്തുകയാണെന്നതിന്റെ സൂചനകളാണ് സിഎംഐഇയുടെ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ചിലെ അവസാന ആഴ്ചകളിലെ രേഖപ്പെടുത്തിയ തൊഴിലില്ലായ്മ നിരക്ക് 8.75 ശതമാനത്തില്‍ നിന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ 23.5 ശതമാനമായി ഉയര്‍ന്നിരുന്നു. മെയ് മൂന്നിന് അവസാനിച്ച ആഴ്ചയിലിത് 27.1 ശതമാനം എന്ന ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. എന്നാല്‍ ഗ്രാമീണ മേഖലയിലെ വലിയ നേട്ടങ്ങളുടെ ഫലമായി, ജൂണ്‍ മാസത്തിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. 17.5%, 11.6%, 8.5% എന്നിങ്ങനെയായിരുന്നു ഈ മൂന്ന് ആഴ്ചകളില്‍ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്.
ജൂലൈ 10-ലെ കണക്കനുസരിച്ച് 58 ദശലക്ഷം ഹെക്ടര്‍ വിസ്തീര്‍ണ്ണത്തില്‍ ഖാരിഫ് വിളകള്‍ കൃഷിചെയ്യുന്നുണ്ടെന്നാണ് സിഎംഇഇ ഡാറ്റ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ നിലയേക്കാള്‍ 44.1 ശതമാനം കൂടുതലാണിത്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതാണ് ഗ്രാമീണ തൊഴിലില്ലായ്മ കുറയുന്നതിന് കാരണമാവുന്നതെന്ന് ലേബര്‍ ഇക്കണോമിസ്റ്റും എക്സ്എല്‍ആര്‍ഐ ജംഷദ്പൂരിലെ പ്രൊഫസറുമായ കെആര്‍ ശ്യാം സുന്ദര്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലയളവില്‍ മിക്ക സാമ്പത്തിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചതിനാല്‍ രാജ്യത്തുടനീളം തൊഴിലില്ലായ്മയുടെ തോത് കുത്തനെ ഉയര്‍ന്നിരുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ക്രമേണ പുനരാരംഭിച്ചതോടെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ പ്രീ-ലോക്ക്ഡൗണ്‍ നിലയിലേക്ക് അടുക്കുന്നു. മാത്രമല്ല ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫലമായി ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതായും കാണുന്നുണ്ട്.