
ആദ്യ കോവിഡ് വാക്സിന്‍ എന്ന അവകാശവാദവുമായി എത്തിയ റഷ്യയുടെ 'സ്പുട്നിക് 5' ന്റെ നിര്‍മാണ പങ്കാളിത്തത്തിന് സഹകരിക്കാന്‍ ഇന്ത്യയെ ക്ഷണിച്ച് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) ചീഫ് എക്‌സിക്യൂട്ടീവ്. ആര്‍ഡിഐഎഫിന്റെ ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ചീഫ് എക്സിക്യൂട്ടീവ് കിറില്‍ ദിമിത്രീവ് ഇന്ത്യയെക്കുറിച്ച് ശക്തമായി പ്രതിപാദിച്ചത്. സ്പുട്നിക് 5 വന്‍തോതില്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും അതിനാല്‍ തന്നെ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ നിരവധി രാജ്യങ്ങള്‍ മുന്നോട്ടു വന്നെങ്കിലും ഇന്ത്യയാണ് തങ്ങളുടെ മുന്‍ഗണനാ പട്ടികയിലെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ ആദ്യ കോവിഡ് വാക്സിന്‍ എന്നവകാശവാദമുയര്‍ത്തുന്ന 'സ്പുട്നിക് 5' മോസ്‌കോ ഗമാലിയ ഗവേഷണ സര്‍വകലാശാലയും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് വികസിപ്പിച്ചത്. ഈ കോവിഡ് വാക്സിനില്‍ ഇന്ത്യയും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നില്ല.
റഷ്യക്ക് പുറമേ, യുഎഇയിലും സൗദി അറേബ്യയിലും ബ്രസീലിലും ഇന്ത്യയിലും വാക്സിന്‍ പരീക്ഷണം നടത്താന്‍ പദ്ധതിയുണ്ട്. 'ഇന്ത്യയുമായും ഇന്ത്യയിലെ ശാസ്ത്രഞ്ജരുമായും നിര്‍മാണ കമ്പനികളുമായും റഷ്യയ്ക്ക് സഹകരണമുണ്ട്. അവര്‍ ഞങ്ങളുടെ സാങ്കേതിക വിദ്യ പെട്ടെന്നു മനസിലാക്കുന്നു' ഒരു ദേശീയ മാധ്യമത്തോട് ദിമിത്രീവ് പ്രതികരിച്ചതിങ്ങനെയാണ്.
വാക്സീന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനായി 20,000 ആളുകള്‍ നിലവിലുണ്ടെന്ന് മോസ്‌കോ ഗമാലിയ ഗവേഷണ സര്‍വകലാശാല ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് പറഞ്ഞു. അതേസമയം, വാക്സിന്‍ സുരക്ഷിതമാണെന്നാണു റഷ്യന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നുവെങ്കിലും മനുഷ്യരിലെ പരീക്ഷണങ്ങള്‍ വിജയിച്ചതായി തെളിയിക്കുന്ന യാതൊരു വിശദാംശങ്ങളും ഇതിനോടകം പുറത്തുവന്നിട്ടില്ല. 40,000 പേരില്‍ വാക്സിന്‍ പരീക്ഷിക്കാനുള്ള പദ്ധതിയും റഷ്യയ്ക്കുണ്ട്.
റഷ്യയും ചൈനയും വാക്‌സീന്‍ സജ്ജമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോകം ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതേസമയം, ഒക്ടോബര്‍ 22ന് വാക്‌സീന്‍ സംബന്ധിച്ച് വലിയ പ്രഖ്യാപനം അമേരിക്കയില്‍ നിന്നുണ്ടാകുമെന്നാണ് ഇപ്പോള്‍ ചിലര്‍ പ്രവചിക്കുന്നത്. ഫൈസര്‍, ബയോഎന്‍ടെക്കും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 വാക്‌സിന്‍ ഒക്ടോബര്‍ ആദ്യം തന്നെ റെഗുലേറ്ററി അവലോകനത്തിനായി സമര്‍പ്പിക്കുമെന്ന് അറിയിച്ചു. 10 കോടി ഡോസ് വാക്‌സീന്‍ യുഎസിന് വിതരണം ചെയ്യുന്നതിനായി ഫൈസറും ബയോഎന്‍ടെക്കും കഴിഞ്ഞ മാസം 200 കോടി ഡോളറിന്റെ കരാര്‍ നേടിയിരുന്നു.
വാക്‌സീന്‍ സ്വീകരിച്ചവരില്‍ 20 ശതമാനത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. കുത്തിവെച്ചവര്‍ക്കെല്ലാം വാക്‌സീന്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനികള്‍ പറഞ്ഞു. യുഎസിലെയും ജര്‍മനിയിലെയും ഒന്നാം ഘട്ട ട്രയലുകളില്‍ നിന്നുള്ള ഡേറ്റ വിശകലനം ചെയ്യുന്നത് കമ്പനികള്‍ തുടരുകയാണെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.