
റഷ്യ-യുക്രൈന്‍ യുദ്ധം ലോകമെമ്പാടും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമ്പത്തിക മേഖലയെ തകിടം മറിക്കുകയാണ്. ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടാകുകയും സ്വര്‍ണ്ണ വില കുതിച്ചുയരുകയും ചെയ്തു. മാത്രമല്ല, ആഗോള വിതരണ ശൃംഖലകളും താറുമാറായി. ഈ പ്രതിസന്ധി അഞ്ചു മേഖലകളെ കാര്യമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഊര്‍ജം, ഭക്ഷണ സാധനങ്ങള്‍, ഗതാഗതം, ലോഹങ്ങള്‍, മൈക്രോചിപ്പുകള്‍ എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യതയെയാണ് യുദ്ധം ആഘാതമേല്‍പിക്കുക.
ഊര്‍ജം
പല യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയെയാണ് ഊര്‍ജ ആവശ്യത്തിന് വിശിഷ്യ വാതക ഇന്ധനത്തിന് ആശ്രയിക്കുന്നത്. പൈപ്പ് ലൈനുകള്‍ വഴിയാണ് റഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് വാതകം എത്തുന്നത്. പല വിതരണ ശൃംഖലയിലും വാതക ഇന്ധനം നിര്‍ണായകമായതിനാല്‍, ഈ രംഗത്തുണ്ടാവുന്ന ഏത് പ്രശ്‌നവും ഗുരുതര ആഘാതമുണ്ടാക്കും. യുക്രൈന്‍ വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എങ്ങനെ ഇടപെടുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും റഷ്യയുടെ തീരുമാനം. റഷ്യയില്‍ നിന്ന് വാതകങ്ങള്‍ വാങ്ങുന്നത് പൂര്‍ണമായും നിര്‍ത്തിവയ്ക്കുന്നത് അസാധ്യമാണെങ്കിലും ചെറിയ വിലക്കുകള്‍ പോലും കാര്യമായി സ്വാധീനം ചെലുത്തും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വാതക ശേഖരണം കുറവായതിനാല്‍ നിലവില്‍ ആഗോളതലത്തില്‍ തന്നെ എനര്‍ജി വില ഉയര്‍ന്നിരുന്നു. നേരത്തെ, ഗ്യാസ് വില ആദ്യമായി ഉയര്‍ന്നപ്പോള്‍ യുകെയിലെ വളം പ്ലാന്റുകള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ടായി. കൂടാതെ, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ക്ഷാമത്തിലേക്ക് നയിച്ചു. ഇത് മെഡിക്കല്‍ രംഗത്തെയും കാര്യമായി സ്വാധീനിച്ചിരുന്നു. അത്തരം അനന്തരഫലങ്ങള്‍ എണ്ണ, വാതക വിലകള്‍ വര്‍ധിക്കുന്നതിനൊപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഭക്ഷണം
ആഗോള ഗോതമ്പ് കയറ്റുമതിയുടെ നാലിലൊന്നും റഷ്യ-യുക്രെയ്ന്‍ രാജ്യങ്ങളില്‍ നിന്നാണ്. സൂര്യകാന്തി എണ്ണയുടെ പകുതിയും കയറ്റുമതി ചെയ്യുന്നത് യുക്രെയ്ന്‍ ആണ്. ഇത് രണ്ടും ഭക്ഷ്യമേഖലയിലെ പ്രധാന വസ്തുക്കളായതിനാല്‍, കയറ്റുമതിയിലുണ്ടാകുന്ന ഏത് പ്രതിസന്ധിയും ഗുരുതരമാകും. യുദ്ധം വിളവെടുപ്പിനെയും സംസ്‌കരണത്തെയും ബാധിക്കുകയും ചെയ്യും. തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ 70 ശതമാനവും ഗോതമ്പിന് ആശ്രയിക്കുന്നത് റഷ്യയെയും യുക്രെയ്‌നെയുമാണ്. വളത്തിന്റെ ചില പ്രധാന ഘടകങ്ങള്‍ നിര്‍മിക്കുന്നതിലും റഷ്യ മുന്‍പന്തിയിലാണ്. റഷ്യക്ക് ഉപരോധം വന്നാല്‍ കയറ്റുമതിയെ ബാധിക്കും. ഇത് മറ്റു രാജ്യങ്ങളിലെ വളം നിര്‍മാണത്തെയും കാര്‍ഷിക രംഗത്തെയും വലക്കും.
ഗതാഗതം
കോവിഡ് പ്രതിസന്ധി ഉലച്ച ഗതാഗത മേഖലയെ യുദ്ധവും കാര്യമായി ബാധിക്കും. കടല്‍, റെയില്‍ ഗതാഗത രംഗത്താകും ആഘാതമുണ്ടാവുക. 2011 മുതല്‍ ചൈനയും യൂറോപ്പും തമ്മില്‍ റെയില്‍ മാര്‍ഗമുള്ള ചരക്കുനീക്കമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുക്രെയ്ന്‍ വഴിയുള്ള ട്രെയിനുകള്‍ റൂട്ട് മാറ്റിയിട്ടുണ്ട്. റഷ്യക്കെതിരായ ഉപരോധം ലിത്വേനിയയെപ്പോലുള്ള രാജ്യങ്ങളുടെ റെയില്‍ ഗതാഗതത്തെ കാര്യമായി ബാധിക്കും. ഒഡേസ വഴിയുള്ള കപ്പല്‍ നീക്കം റഷ്യ നിയന്ത്രിച്ചാല്‍ അത് കപ്പല്‍ ചരക്കുനീക്കത്തെയും ബാധിക്കും. യുദ്ധം മൂലമുള്ള എണ്ണവിലയിലെ ഉയര്‍ച്ചയും കപ്പല്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. കൂടാതെ, യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ ആഗോള വിതരണ ശൃംഖലകളെ ലക്ഷ്യം വച്ചേക്കാമെന്ന ആശങ്കയുമുണ്ട്. വ്യാപാരം ഓണ്‍ലൈന്‍ വഴിയുള്ള വിവര കൈമാറ്റത്തെ വളരെയധികം ആശ്രയിക്കുന്നതിനാല്‍, പ്രധാന ഷിപ്പിംഗ് ലൈനുകളോ അടിസ്ഥാന സൗകര്യങ്ങളോ ടാര്‍ഗെറ്റുചെയ്യുകയാണെങ്കില്‍ ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ലോഹം
നിക്കല്‍, ചെമ്പ്, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളുടെ ഉല്‍പാദനത്തില്‍ മുന്‍പന്തിയിലാണ് റഷ്യയും യുക്രെയ്‌നും. നിയോണ്‍, പലാഡിയം, പ്ലാറ്റിനം എന്നിവയുടെ കയറ്റുമതിയിലും ഇവര്‍ മുന്നിലാണ്. ഉപരോധ ഭീഷണി ഈ ലോഹങ്ങളുടെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. വാഹനങ്ങളുടെ പുക സംവിധാനം, മൊബൈല്‍ ഫോണുകള്‍ തുടങ്ങി പല്ല് അടക്കാനുള്ള സാധനങ്ങള്‍ നിര്‍മിക്കുന്നതിനുവരെ വേണ്ട വസ്തുവാണ് പലാഡിയം. ഇതിന് ഡിസംബര്‍ മുതല്‍ തന്നെ വന്‍ വിലവര്‍ധനയാണ്. യുഎസ്, യൂറോപ്പ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ എയ്‌റോസ്‌പേസ് വ്യവസായങ്ങളും റഷ്യയില്‍ നിന്നുള്ള ടൈറ്റാനിയത്തെയാണ് ആശ്രയിക്കുന്നത്.
മൈക്രോചിപ്പ്
മൈക്രോചിപ്പുകള്‍ പോയവര്‍ഷം മുഴുവന്‍ ആവശ്യത്തിന് ലഭ്യമല്ലായിരുന്നു. ഇത് പുതിയ സാഹചര്യത്തില്‍ തുടരാനാണ് സാധ്യത. ഉപരോധം തന്നെയാണ് ഇവിടെയും വില്ലന്‍. മൈക്രോചിപ് നിര്‍മാണത്തില്‍ നിയോണ്‍, പലാഡിയം, പ്ലാറ്റിനം എന്നിവ പ്രധാനമാണ്. ചിപ് ലിതോഗ്രഫിക്ക് ഉപയോഗിക്കുന്ന നിയോണിന്റെ 90 ശതമാനവും എത്തുന്നത് റഷ്യയില്‍ നിന്നാണ്. ഇതില്‍ 60 ശതമാനം ഒഡെസയിലെ ഒരു കമ്പനിയാണ് ശുദ്ധീകരിക്കുന്നത്. ആഗോള വിപണിയില്‍ വിതരണം ചെയ്യുന്നതിന് ബദല്‍ സ്രോതസുകള്‍ കുറവാണെന്നിരിക്കെ മൈക്രോചിപ്പ് മേഖലയില്‍ കനത്ത ക്ഷാമമുണ്ടായേക്കും. ചിപ്പ് നിര്‍മാതാക്കള്‍ നിലവില്‍ രണ്ടോ നാലോ ആഴ്ചയ്ക്ക് ആവശ്യമായ സ്റ്റോക്കുകള്‍ കൈവശം വച്ചിട്ടുണ്ട്. എന്നാല്‍ യുക്രൈനിലെ സൈനിക നടപടി നീളുമെങ്കില്‍ കാറുകള്‍ ഉള്‍പ്പെടെയുള്ള ചിപ്പ് ആവശ്യമായി വരുന്ന ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനത്തെ സാരമായി ബാധിക്കും.