
ന്യൂഡല്‍ഹി: എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം -7.7 ശതമാനമായി ഉയര്‍ത്തി. നേരത്തെ -9 ശതമാനം വളര്‍ച്ചാ നിരക്കാണ് കണക്കാക്കിയിരുന്നത്. വിപണിയിലെ ആവശ്യകതയിലുണ്ടായ വര്‍ധനയും കൊവിഡ് -19 അണുബാധ തോതില്‍ കുറവുണ്ടായതായും കണക്കാക്കിയാണ് എസ് ആന്‍ഡ് പി രാജ്യത്തിന്റെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് ഉയര്‍ത്തിയത്.
'എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച നിരക്ക് -7.7 ശതമാനമായി പരിഷ്‌കരിച്ചു, ' ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
വളര്‍ച്ചാ പ്രവചനത്തിലെ പുനരവലോകനം അനുസരിച്ച് സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ വീണ്ടെടുക്കലിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് യുഎസ് ആസ്ഥാനമായുള്ള റേറ്റിംഗ് ഏജന്‍സി അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 10 ശതമാനമായി ഉയരുമെന്നും അവര്‍ പ്രവചിക്കുന്നു.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7.5 ശതമാനം ചുരുങ്ങി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് -23.9 ശതമാനമായിരുന്നു. ഉല്‍പാദനം 2020 ഒക്ടോബറില്‍ 3.5 ശതമാനം കൂടുതലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം ഏകദേശം 18 ശതമാനം ഉയര്‍ന്നു.
ഈ ആഴ്ച ആദ്യം, ഫിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം -9.4 ശതമാനമായി പരിഷ്‌കരിച്ചിരുന്നു. സാമ്പത്തിക പുനരുജ്ജീവനത്തിന്റെ സൂചനകളെ തുടര്‍ന്നാണ് പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് ഏജന്‍സി പരിഷ്‌കരിച്ചത്. നേരത്തെ -10.5 ശതമാനമായിരുന്നു കണക്കാക്കിയിരുന്നത്.