
ന്യൂഡല്‍ഹി: ആഗോള റേറ്റിങ് ഏജന്‍സിയായ എസ്ആന്‍ഡ്പി രാജ്യത്തെ വളര്‍ച്ചാ അനുമാനം 5.2 ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായി കുറച്ചു. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന 2020-21 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്കാണ് കുറച്ചത്. 2020ല്‍ അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് 2.5 ശതമാനമാകുമെന്നും എസ്ആന്‍ഡ്പി വിലയിരുത്തുന്നു. അതേമസമയം, സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരുന്ന ചൈനയിലെ വളര്‍ച്ച 2020 ല്‍ 2.9 ശതമാനമാകുമെന്നും റേറ്റിങ് ഏജന്‍സി അനുമാനിക്കുന്നു.
ഏഷ്യാ-പസഫിക് റീജിയണില്‍, 1997-1998 കാലഘട്ടത്തിന് സമാനമായ സാമ്പത്തിക പ്രതിസന്ധിയാകും രാജ്യം നേരിടേണ്ടിവരികയെന്നും എസ്ആന്‍ഡ്പിയുടെ വിശകലനത്തില്‍ പറയുന്നു. കഴിഞ്ഞയാഴ്ച മൂഡീസും രാജ്യത്തെ 2020 ലെ വളര്‍ച്ചാനിരക്ക് 5.3 ശതമാനത്തില്‍നിന്ന് 2.5 ശതമാനമായി കുറച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം അടച്ചിടേണ്ട സാഹചര്യമുണ്ടായതാണ് രാജ്യത്തെ സാമ്പത്തികമേഖലയെ ബാധിക്കാൻ പ്രധാന കാരണം.
പ്രാദേശിക സാമ്പത്തിക നയം വീണ്ടെടുക്കലിന് ഒരു പിന്തുണ പ്രദാനം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. പക്ഷേ ഇപ്പോഴും സാഹചര്യങ്ങൾ പ്രതികൂലമായി തുടരുകയാണ്. പ്രത്യേകിച്ചും വളർന്നുവരുന്ന വിപണികളിൽ. വൈറസിനെ നിയന്ത്രിച്ച് ആഗോള പുരോഗതി കൈവരിച്ചാലും, ആഘാതത്തിന്റെ തോത് ബാലൻസ് ഷീറ്റുകളിലും തൊഴിൽ വിപണികളിലും സ്ഥിരമായ മുറിവുകളുണ്ടാക്കുമെന്നും ഇത് തിരിച്ചുവരവിനെ ബാധിക്കുമെന്നും എസ്ആന്‍ഡ്പി പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. കോവിഡ്-19 കാരണം ഏഷ്യ-പസഫിക്കിന്റെ മൊത്തവും സ്ഥിരവുമായ വരുമാനനഷ്ടം ഇപ്പോൾ 0.5 ട്രില്യൺ യുഎസ് ഡോളറിനു മുകളിലാണെന്നും അത് കൂട്ടിച്ചേർത്തു. കൊറോണ വൈറസ് പടർന്നുപിടിക്കുന്നതിന്റെ ഉയർന്ന തോതും അനിശ്ചിതത്വവും റേറ്റിംഗ് ഏജൻസി ചൂണ്ടിക്കാട്ടി. കോവിഡ്-19 ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.