
കൊല്‍ക്കത്ത: 2019-20 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് സ്റ്റീല്‍ നിര്‍മിച്ച് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയ്ല്‍). 16.15 ദശലക്ഷം ടണ്‍ സ്റ്റീലാണ് സെയ്ല്‍ ഉല്‍പ്പാദിപ്പിച്ചത്. പുതിയ യൂണിറ്റുകളിലെ ഉല്‍പ്പാദനം ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി, ആധുനികവല്‍ക്കരിച്ചതും പഴയതുമായ യൂണിറ്റുകളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുവരികയാണെന്ന് സെയ്ല്‍ ചെയര്‍മാന്‍ അനില്‍ കുമാര്‍ പറഞ്ഞു.
രാജ്യത്തെ മറ്റു സ്റ്റീല്‍ നിര്‍മാണ കമ്പനികളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഉല്‍പ്പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സെയ്‌ലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് സ്റ്റീല്‍ നിര്‍മിച്ചിരിക്കുന്നത്. എല്ലാ യൂണിറ്റുകളുടേയും ശേഷിയില്‍ മികവ് പുലര്‍ത്താനായതാണ് ആഭ്യന്തര തലത്തില്‍ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ മുന്‍നിരയില്‍ എത്താനായതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആധുനികവല്‍ക്കരിച്ച യൂണിറ്റിനു കീഴില്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്ന മികച്ച തന്ത്രങ്ങള്‍ ഫലപ്രദമായി സെയ്‌ലിന് നടപ്പാക്കാനായി. സമീപഭാവിയില്‍ സ്റ്റീല്‍ ഉപഭോഗത്തില്‍ ഡിമാന്‍ഡ് ഉയരുമെന്നും രാജ്യത്തിന്റെ ക്രൂഡ് സ്റ്റീല്‍ ആവശ്യകത നിറവേറ്റാന്‍ സെയ്ല്‍ പൂര്‍ണമായും സജ്ജമാണെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2.8 ശതമാനം വര്‍ധനവോടെ ഏറ്റവും മികച്ച വാര്‍ഷിക വില്‍പ്പനയും സെയ്ല്‍ സ്വന്തമാക്കി. 14.5 ദശലക്ഷം ടണ്‍ ക്രൂഡ് സ്റ്റീലാണ് കമ്പനി വിറ്റഴിച്ചത്. കൂടുതല്‍ വിപണികളില്‍ സാന്നിധ്യം വികസിപ്പിച്ച് കയറ്റുമതി 1.18 ദശലക്ഷം ടണ്‍ ആയി ഉയര്‍ത്താനും കഴിഞ്ഞു. കമ്പനിയുടെ ഏറ്റവും മികച്ച കയറ്റുമതിയാണിത്. 2018-19 സാമ്പത്തിക വര്‍ഷത്തേക്കാളും 54 ശതമാനം വളര്‍ച്ച ഈയിനത്തില്‍ നേടാനായി. മൂല്യവര്‍ദ്ധിത വിപണിയെ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളുടെ ശ്രേണി വികസിപ്പിക്കുന്നതിലും അവതരിപ്പിക്കുന്നതിനും സെയ്ല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. റെയില്‍വേ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെയുള്ള ലോകോത്തര ഉല്‍പ്പന്നങ്ങളുമായി, കയറ്റുമതി വിഹിതം വര്‍ധിപ്പിച്ച് കൂടുതല്‍ വിപണികളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാനാണ് സെയ്‌ലിന്റെ പദ്ധതിയെന്നും ചെയര്‍മാന്‍ പറഞ്ഞു.